ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsദുബൈ: കോവിഡ് മൂലം ഇന്ത്യയിൽനിന്ന് മാറ്റിയ ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് ദുബൈയിൽ തുടക്കം.ഇന്ത്യ അടക്കം പത്തോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻറിെൻറ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച രാത്രി ദുബൈ ലേ മെറിഡിയനിൽ നടന്നു. മേരി കോം അടക്കം 150ഓളം താരങ്ങളാണ് ചാമ്പ്യൻഷിപ്പിനായി എത്തിയിരിക്കുന്നത്. ഇന്ത്യൻ ബോക്സിങ് ടീം ശനിയാഴ്ച രാവിലെയെത്തി.
മേയ് 21 മുതൽ ഡൽഹിയിലായിരുന്നു ചാമ്പ്യൻഷിപ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കോവിഡ് രൂക്ഷമായതിനെ തുടർന്ന് മറ്റ് രാജ്യങ്ങളിലെ താരങ്ങൾക്ക് എത്താൻ കഴിയാതെ വന്നതോടെ ദുബൈയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ് ന്യൂഡൽഹി- ദുബൈ' എന്ന പേരിലാണ് ടൂർണമെൻറ് നടത്തുന്നത്. ഇന്ത്യൻ ബോക്സിങ് ഫെഡറേഷനും ഇൻറർനാഷനൽ ബോക്സിങ് അസോസിയേഷനുമായി (എ.ഐ.ബി.എ) സഹകരിച്ചായിരിക്കും ചാമ്പ്യൻഷിപ്. ഇന്ത്യക്കുള്ള ഐക്യദാർഢ്യമായി യു.എ.ഇ ബോക്സിങ് ഫെഡറേഷൻ ടൂർണമെൻറ് ഏറ്റെടുക്കുകയാണെന്ന് സെക്രട്ടറി ജനറൽ ഹസൻ അൽ ഹമ്മദി അറിയിച്ചു. താരങ്ങൾക്കുള്ള വിസ അതിവേഗത്തിലാക്കാൻ യു.എ.ഇ അധികൃതർ നടപടിയെടുത്തിരുന്നു.
17 രാജ്യങ്ങളിൽനിന്ന് 47 വനിതകൾ അടക്കം 150 പേർ പങ്കെടുക്കുന്നുണ്ട്. യു.എ.ഇ, ഇന്ത്യ, അഫ്ഗാനിസ്താൻ, ബഹ്‌റൈൻ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, കസാഖ്സ്താൻ, കിർഗിസ്താൻ, കുവൈത്ത്, ലാവോസ്, മംഗോളിയ, ഫിലിപ്പീൻസ്, ഖത്തർ, ശ്രീലങ്ക, തജിക്കിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് മാറ്റുരക്കുന്നത്. മത്സരക്രമത്തിനായുള്ള നറുക്കെടുപ്പും ഞായറാഴ്ച നടന്നു.
ഇന്ത്യൻ ടീം ശക്തം:
മേരി കോമിെൻറ നേതൃത്വത്തിലിറങ്ങുന്ന വനിത ടീം ശക്തരാണ്. 51 കിലോ വിഭാഗത്തിലാണ് മേരി കോം ഇറങ്ങുന്നത്. ഒളിമ്പിക്സ് ബോക്സർമാരായ സിമ്രാൻജിത് കൗറും ലൗലിന ബോഗോഹെയനും പൂജ റാണിയുമുണ്ട്. എന്നാൽ, പുരുഷ ടീമിന് കോവിഡ് തിരിച്ചടിയായി. ഒളിമ്പിക്സ് താരങ്ങളായ മനീഷ് കൗഷികിനും സതീഷ് കുമാറിനും കോവിഡ്മൂലം പങ്കെടുക്കാൻ കഴിയില്ല.
അതേസമയം, സാങ്കേതികപ്രശ്നങ്ങളാൽ ടീമിെൻറ യാത്ര പ്രതിസന്ധിയിലായിരുന്നു. ദുബൈ വിമാനത്താവളത്തിലെത്തിയ ടീമിന് മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇയിൽ വിലക്കുള്ളതിനാൽ പ്രത്യേക അനുമതിയോടെയായിരുന്നു യാത്ര. എന്നാൽ, ഇതിനാവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് സ്പൈസ് ജെറ്റിലെത്തിയ ടീമിന് ഇറങ്ങാൻ കഴിയാതെവന്നത്. വിമാനത്താവളത്തിലും ഹോട്ടലിലും ടീമിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കി. ഇന്ത്യൻ അംബാസഡർ പവൻ കപൂർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ട് ആശയക്കുഴപ്പം നീക്കി. യു.എ.ഇ സർക്കാറിനും ഏഷ്യൻ ബോക്സിങ് ഫെഡറേഷനും പവൻ കപൂറിനും നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.