കാഞ്ഞങ്ങാട്ടുകാർക്ക് വേദനയായി അസ്ലമും നാസറും
text_fieldsഅബൂദബി: പ്രവാസലോകത്തും നാട്ടിലും ഏറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇന്ത്യന്‍ എംബസിയുടേതടക്കം അംഗീകാരം നേടുകയും ചെയ്ത അജാനൂരിലെ എം.എം. നാസറിന്റെ മരണം 2021 നവംബര്‍ 14 നായിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ അസ്ലവും വിട പറഞ്ഞു. 48 വയസ്സായിരുന്നു ഇരുവര്‍ക്കും. രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഏറെ സാമ്യമുള്ളവര്‍.
കളി തമാശകള്‍ പറഞ്ഞും പുഞ്ചിരി നല്‍കിയും കഷ്ടപ്പെടുന്നവരുടെ കണ്ണീരിനു പരിഹാരം കണ്ട അപൂര്‍വം വ്യക്തികളായിരുന്നു ഇരുവരുമെന്ന് അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ല ആക്ടിങ് ജനറല്‍ സെക്രട്ടറി റാഷിദ് എടത്തോട് അനുസ്മരിച്ചു. അബൂദബി ഇന്ത്യന്‍ എംബസി, അബൂദബി കെ.എം.സി.സി, മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവിടങ്ങളൊക്കെ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിരുന്നു എം.എം. നാസര്‍.
എം.എസ്.എഫിലൂടെ പൊതുരംഗത്തുവന്ന അസ്ലം 1997ല്‍ കാഞ്ഞങ്ങാട് മണ്ഡലം എം.എസ്.എഫ് പ്രസിഡന്റായിരുന്നു. ഇതിനിടെ ജില്ലാ എം.എസ്.എഫിലും പ്രവര്‍ത്തിച്ച് 1999ലാണ് അബൂദബിയിലെത്തി പിതാവ് സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയില്‍ മദീന സായിദിലെ അസ്മ ബഖാലയില്‍ ജോലിക്ക് നിന്നത്. 8 വര്ഷകാലത്തിന് ശേഷം 2007ല്‍ അല്‍ഐനിലെത്തി ഒരു ട്രാന്‍സ്പോര്‍ട് കമ്പനിയില്‍ ഓഹരി എടുക്കുകയും അറിയപ്പെട്ട സ്ഥാപനമായി അതിനെ ഉയര്‍ത്തുകയും ചെയ്തു.
ഇതിനിടെ അല്‍ഐന്‍ കേന്ദ്രീകരിച്ച് കെ.എം.സി.സിയില്‍ സജീവമാവുകയും കാസര്‍കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് പദവിയടക്കം വഹിക്കുകയും ചെയ്തു. 2020ഓടെ പ്രവര്‍ത്തന മേഖല അബൂദബിയിലേക്ക് മാറ്റി. മുപ്പതിനായിരത്തിലേറെ അംഗങ്ങളുള്ള അബൂദബി കെ.എം.സി.സിയുടെ ട്രഷറർ പദവിയും അദ്ദേഹത്തെ തേടിയെത്തി. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തിയ മയ്യിത്ത് പ്രാര്‍ഥനയിലും അനുസ്മരണ ചടങ്ങിലും അഞ്ഞൂറിലേറെ ആളുകളാണ് പങ്കെടുത്തത്.
അബ്ദുല്ല സഹദി, കെ.എം.സി.സി, സുന്നി സെന്റര്‍, ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളായ ഷുക്കൂറലി കല്ലുങ്ങല്‍, സയ്യദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, സി.എച്ച്. യൂസഫ് മാട്ടൂല്‍, ഇഖ്ബാല്‍ പരപ്പ, സയ്യദ് ശിഹാബുദ്ദീന് തങ്ങള്‍, സയ്യിദ് ഹാശിം തങ്ങള്‍, തസ്വീര് ശിവപുരം എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. ദുബൈയില്‍ നടന്ന യോഗത്തില്‍ യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസ് അടക്കമുള്ള നേതാക്കളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.