ലേല ആപ്പിലൂടെ വിറ്റത് 360 കോടിയുടെ ആസ്തികൾ
text_fieldsഅബൂദബി: ജുഡീഷ്യൽ കേസുകളിൽ അകപ്പെട്ട് ജപ്തി ചെയ്യപ്പെട്ട ആസ്തികൾ ലേലംചെയ്യുന്നതിനായി അബൂദബി നീതിന്യായ വകുപ്പ് (എ.ഡി.ജെ.ഡി) അവതരിപ്പിച്ച ‘ലേല ആപ്ലിക്കേഷൻ’ വിറ്റഴിച്ചത് 360 കോടി ദിർഹമിന്റെ ആസ്തികൾ.
ഭൂമിയും കാറുകളും ആഭരണങ്ങളും അടക്കമുള്ള വസ്തുക്കളാണ് ലേല ആപ്പിലൂടെ വിറ്റുപോയത്. ഇതിൽ ഭൂരിഭാഗം ഇടപാടുകളും നടന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. 333 പ്രോപ്പര്‍ട്ടികള്‍ വിറ്റതിലൂടെ 340 കോടി ദിര്‍ഹമാണ് ജുഡീഷ്യല്‍ വകുപ്പ് സ്വരൂപിച്ചത്.2022 ജൂണിലായിരുന്നു ജുഡീഷ്യല്‍ വകുപ്പ് ‘ഓക്ഷന് ആപ്പി’ന് തുടക്കംകുറിച്ചത്.
അന്നുമുതല്‍ 2024 ഫെബ്രുവരി 15 വരെ 1013 വാഹനങ്ങളും (78.3 ദശലക്ഷം ദിര്‍ഹം), 2,32,720 ദിര്‍ഹമിന്റെ ആഭരണങ്ങളും 129.4 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന മറ്റു വസ്തുക്കളും ലേലംചെയ്യുകയുണ്ടായി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ യു.എ.ഇ പാസ് ഉപയോഗിച്ചോ ആപ്പില്‍ സൈന്‍അപ് ചെയ്യാവുന്നതാണ്.യു.എ.ഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും താല്പര്യമുള്ള വിദേശികള്ക്കുമൊക്കെ ആപ് ഉപയോഗിക്കാം.
സെക്യൂരിറ്റി ഡെപ്പോസിറ്റും ലേലത്തുകയും ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയോ പണമായോ ചെക്കായോ നല്‍കാം. കുറഞ്ഞത് 300 ദിര്‍ഹം മുതലുള്ള വസ്തുക്കളാണ് ആപ്പിലൂടെ ലേലംചെയ്യുന്നത്. കടകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കാര്‍ പ്ലേറ്റുകള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് ഓക്ഷന് ആപ്പിലൂടെ സ്വന്തമാക്കാന്‍ കഴിയുക. ജപ്തി ചെയ്യുന്ന വസ്തുക്കൾ ആപ്പിലൂടെ വിറ്റഴിക്കുന്നതില്‍ ആപ് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നതെന്ന് ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അലാബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.