സുസ്ഥിര നയം പിന്തുടർന്ന് ആസ്റ്റർ: 6824 ടൺ കാർബൺ ബഹിര്‍ഗമനം കുറച്ചു
text_fieldsദുബൈ: പുനരുപയോഗ ഊര്‍ജത്തിന്റെ ഉപഭോഗം വഴി 6824 ടൺ കാർബൺ ബഹിർഗമനത്തിന്റെ കുറവ് കൈവരിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍. വാര്‍ഷിക ഇ.എസ്.ജി റിപ്പോർട്ടിലാണ് പാരിസ്ഥിതിക സുസ്ഥിരതയിലൂടെ മികച്ച മാതൃക സൃഷ്ടിച്ചത് വ്യക്തമാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 10 പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നാണ് നേട്ടം സ്വന്തമാക്കിയത്. ജല വിനിയോഗം, മാലിന്യസംസ്കരണം, സുസ്ഥിര ഗതാഗത പരിപാലന രീതികള്‍ എന്നിവ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സംയോജിപ്പിച്ചാണിത് പ്രാവര്‍ത്തികമാക്കുന്നത്. 36,79,200 കിലോ വാട്ട് സൗരോര്‍ജം, 23,00,000 കിലോ വാട്ട് കാറ്റാടി ഊർജം, 35,69,298 കിലോവാട്ട് ജല ഊർജം എന്നീ ഊർജസ്രോതസ്സുകളെ സംയോജിപ്പിച്ചാണ് മൊത്തം ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തില്‍ കമ്പനി 6824 ടൺ കുറവ് കൈവരിച്ചത്.
അഞ്ച് ആശുപത്രികളില്‍ ഡീകാര്ബണൈസേഷന് ഉദ്യമങ്ങള്‍ തുടരുകയും ആസ്റ്റര്‍ വയനാട് സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ 650 കിലോ വാട്ടിന്റെ പുതിയ സോളാര്‍ പ്ലാന്റ് കമീഷന് ചെയ്യുകയും ഇതിലൂടെ പ്രതിവര്‍ഷം 460 ടൺ കാർബൺ കുറക്കാന്‍ സാധിക്കുകയും ചെയ്തു.
പുനരുപയോഗവും മഴവെള്ളസംഭരണവും ഉള്‍പ്പെടെയുള്ള നൂതന സമ്പ്രദായങ്ങളിലൂടെ 85,515 കിലോ ലിറ്റർ ജലം ലാഭിച്ചതു വഴി ആകെ 17 ശതമാനം ഉപഭോഗം കുറക്കാന്‍ സാധിച്ചു. മാലിന്യസംസ്കരണം വഴി 4,23,806 കിലോഗ്രാം മാലിന്യത്തിന്റെ റീസൈക്ലിങ്ങും സാധിച്ചു.
ഇ.എസ്.ജി തത്ത്വങ്ങളോടുള്ള പ്രതിബദ്ധത ആസ്റ്ററിന്റെ കോർപറേറ്റ് നയങ്ങളില്‍ ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. കൂടുതല്‍ സുസ്ഥിരവും മികച്ചതുമായ ഭാവിക്കുവേണ്ടി പ്രവര്‍ത്തനങ്ങളുടെ എല്ലാ തലങ്ങളിലും സുസ്ഥിരതാ നയങ്ങള്‍ സ്ഥാപനം സജീവമായി സമന്വയിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ആഘാതത്തിനും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും മികവിനുള്ള മാനദണ്ഡം തുടര്‍ച്ചയായി ഉയര്‍ത്താനും ലക്ഷ്യമിടുന്നതായും ഡോ. ആസാദ് മൂപ്പന് കൂട്ടിച്ചേർത്തു.
കമ്യൂണിറ്റി ഹെല്‍ത്ത്, ദുരന്തസഹായം, സാമൂഹിക ശാക്തീകരണം എന്നീ മേഖലകളില്‍ ആസ്റ്റര്‍ വളന്റിയേഴ്സിന്റെ കീഴിലെ സാമൂഹിക ഉദ്യമങ്ങള്‍ 40 ലക്ഷം ആളുകളിലേക്ക് സഹായമെത്തിച്ചിട്ടുണ്ട്. അടുത്ത മൂന്നു വർഷം ജി.സി.സിയിലും ഇന്ത്യയിലും 2000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നത് ലക്ഷ്യമിട്ട് 3500 മരങ്ങള്‍ നട്ടുപിടിപ്പിക്കുക, പേപ്പര്‍ ഉപയോഗം മൂന്നില്‍ രണ്ടായി കുറക്കുക എന്നിവയും സ്ഥാപനം ആസൂത്രണം ചെയ്തിട്ടുണ്ട്. കാസര്‍കോട് 55 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ സോളാര്‍ പ്ലാന്റ് നിർമിക്കാനും ആസ്റ്റര്‍ പദ്ധതിയിടുന്നുണ്ട്.
ഇത് ഇന്ത്യയിലെ ഏഴ് ആശുപത്രികള്‍ക്ക് ഉപയോഗപ്പെടുത്താനാകും. 2025ഓടെ, ജി.സി.സിയിലും ഇന്ത്യയിലുടനീളവും മൊത്തം വൈദ്യുതി ഉപഭോഗം അഞ്ചു ശതമാനം കുറക്കാനും സ്ഥാപനം പദ്ധതിയിടുന്നു. 2025 സാമ്പത്തികവര്‍ഷത്തോടെ ജല ഉപഭോഗം മൊത്തത്തില്‍ അഞ്ചു ശതമാനം കുറക്കാനും ആസ്റ്റര്‍ ഹോസ്പിറ്റലുകളിലുടനീളം സൗരോർജ വിളക്കുകള്‍, സോളാര്‍ കാര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.