ഏഴ് രാജ്യങ്ങളിൽ നിരക്കിളവോടെ 1000 ശസ്ത്രക്രിയയുമായി ആസ്റ്റര്‍
text_fieldsദുബൈ: 36ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ സി.എസ്.ആർ മുഖമായ ആസ്റ്റര്‍ വളന്റിയേഴ്സിന് കീഴില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'കൈന്‍ഡ്നെസ് ഈസ് എ ഹാബിറ്റ് (Kindness is a Habit) കാമ്പയിൻ പ്രഖ്യാപിച്ചു. ദയയും അനുകമ്പയും ദൈനംദിന ശീലമായി സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും സമൂഹത്തെയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. ആദ്യപടിയെന്ന നിലയില്‍ ഏഴ് രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ആശുപത്രികള്‍ വഴി, വിവിധ പരിസ്ഥിതിസൗഹൃദ ഉദ്യമങ്ങള്‍ക്കൊപ്പം നിര്‍ധനരോഗികള്‍ക്ക് 1000 ശസ്ത്രക്രിയകളും ആസ്റ്റര്‍ പ്രഖ്യാപിച്ചു. ഇതില്‍ 25 ശതമാനം അല്ലെങ്കില്‍ 250 ശസ്ത്രക്രിയകള്‍ സൗജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്സിഡിയോടെയും നടത്തും.
ഇതിന് പുറമെ, പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ യു.എ.ഇയിലെ മരുഭൂമിയില്‍ 500 ഗാഫ്, ദേവദാരു മരങ്ങള്‍ നട്ടുപിടിപ്പിച്ചു. വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ നസീറ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും വിവിധ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ദുബൈയിലെ മെഡ്കെയര്‍ മള്‍ട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലിലെ കാര്‍ പാര്‍ക്കിങ് ഉള്‍ക്കൊള്ളുന്ന ഭാഗത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഈ പാനലുകളിലൂടെ ഉല്പാദിപ്പിക്കുന്ന സൗരോര്‍ജം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഉപയോഗപ്പെടുത്തും.
1987ല്‍ ദുബൈയില്‍ ആരോഗ്യ പരിചരണ സേവനദാതാവായി പ്രയാണം ആരംഭിച്ചത് മുതല്‍ സമൂഹത്തിന് സേവനം തിരികെനല്കുകയെന്ന ദൗത്യവുമായി ആസ്റ്റര്‍ മുന്നോട്ടുപോവുകയാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ലോകത്തെ എല്ലാവര്ക്കും മികച്ചത് സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കൈന്‍ഡ്നെസ് ഈസ് എ ഹാബിറ്റ്' കാമ്പയിന് ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.28,000ലധികം ആസ്റ്റര്‍ ജീവനക്കാര്‍ക്ക് അവരുടെ സേവനത്തിനുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് സൗജന്യ ആരോഗ്യ പരിശോധന പാക്കേജ് ലഭ്യമാക്കും. കാമ്പയിൻ കാലയളവില്‍, KindnessisaHabit എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവരുടെ കാരുണ്യപ്രവൃത്തികള്‍ പങ്കുവെക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.