ആസ്റ്റർ സ്ഥാപനങ്ങൾ ഇന്ത്യയിലും ജി.സി.സിയിലും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളാകും
text_fieldsദുബൈ: പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്‍റെ ഇന്ത്യയിലെയും ജി.സി.സിയിലെയും സംരംഭങ്ങൾ വ്യത്യസ്ത രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളാകുമെന്ന് പ്രഖ്യാപിച്ചു. ആസ്റ്ററിന്‍റെ ജി.സി.സി ബിസിനസിൽ നിക്ഷേപിക്കുന്നതിന് യു.എ.ഇ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ കാപ്പിറ്റലിന്‍റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൺസോർഷ്യവുമായി കരാറിലെത്തിയതായും കമ്പനി വെളിപ്പെടുത്തി. ഇന്ത്യയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ലിമിറ്റഡ്, ഗൾഫിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എഫ്.ഇസെഡ്.സി എന്നിങ്ങനെയായിരിക്കും പ്രവർത്തനം.
വേർപിരിയൽ പദ്ധതി പ്രകാരം, ജി.സി.സി ബിസിനസിന്‍റെ 65 ശതമാനം ഓഹരികൾ ഫജ്ർ കാപ്പിറ്റലിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുക്കും. അതേസമയം 35 ശതമാനം ഓഹരികൾ നിലനിർത്തിക്കൊണ്ട് ജി.സി.സി ബിസിനസ് നിയന്ത്രിക്കുന്നത് മൂപ്പൻ കുടുംബം തന്നെയായിരിക്കും. ഗ്രൂപ്പിന്‍റെ ഇന്ത്യയിലെയും ജി.സി.സിയിലെയും നിലവിലെ വിപണി മൂല്യം ഏകദേശം 200 കോടി ഡോളറാണ്. ഇടപാട് പ്രകാരം ജി.സി.സി ബിസിനസിന് 170 കോടി ഡോളറിന്‍റെ എന്‍റർപ്രൈസ് മൂല്യവും 100 കോടി ഡോളറിന്‍റെ ഇക്വിറ്റി മൂല്യവുമാണ് വിലമതിക്കുന്നത്.
ഇന്ത്യ, ജി.സി.സി പ്രവർത്തനങ്ങളെ വേർതിരിക്കുന്ന തീരുമാനം രണ്ട് സ്ഥാപനങ്ങൾക്കും ന്യായമായ മൂല്യം സ്ഥാപിക്കുന്നതിനാണെന്നും അതത് വിപണികളിലെ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന കേന്ദ്രീകൃത സ്ഥാപനങ്ങളെ സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
സ്ഥാപകനും ചെയർമാനും എന്ന നിലയിൽ ഡോ. ആസാദ് മൂപ്പൻ പ്രവർത്തനം തുടരുകയും ഇന്ത്യയിലെയും ജി.സി.സിയിലെയും ബിസിനസുകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്യും. അലീഷാ മൂപ്പൻ ജി.സി.സി ബിസിനസിന്‍റെ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയും ആയി മാറും. ഇന്ത്യയിലെ ആസ്റ്റർ ബിസിനസിന്‍റെ സി.ഇ.ഒ ആയി ഡോ. നിതീഷ് ഷെട്ടി തുടരും.
1987ൽ ദുബൈയിൽ ഒരൊറ്റ ക്ലിനിക്കായി ഡോ. ആസാദ് മൂപ്പൻ സ്ഥാപിച്ച ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന് നിലവിൽ ഇന്ത്യയിൽ 19 ആശുപത്രികളും, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, ജോർഡൻ എന്നിവിടങ്ങളിലായി ഗൾഫിൽ 15 ആശുപത്രികളുമുണ്ട്. ക്ലിനിക്കുകളും ഫാർമസികളുമായി നൂറുക്കണക്കിന് മറ്റു സ്ഥാപനങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.