ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ്: 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: 250,000 ഡോളര്‍ സമ്മാനത്തുകയുളള ആസ്റ്റർ ഗ്ലോബർ നഴ്സിങ് അവാർഡിന്‍റെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. 184 രാജ്യങ്ങളിലെ 24,000 നഴ്സുമാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 10 ഫൈനലിസ്റ്റുകളില്‍ നിന്ന് അന്തിമ ജേതാവിനെ തെരഞ്ഞെടുക്കാൻ ഏപ്രിൽ 26 മുതൽ വോട്ടിങ് നടക്കും. ഗ്രാൻഡ് ജൂറിയുടെ അന്തിമ മൂല്യ നിർണയത്തോടെ മെയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബൈയില്‍ നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും. മലയാളി നഴ്സുമാരായ ജാസ്മിൻ ഷറഫും ലിന്‍സി പടിക്കാല ജോസഫും അന്തിമ പട്ടികയിലുണ്ട്.
എല്ലാ അപേക്ഷകളും വിലയിരുത്തിയ ശേഷം 181 പേരുടെ ചുരുക്ക പട്ടികയുണ്ടാക്കുകയും സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷം 41 പേരെ കണ്ടെത്തുകയുമായിരുന്നു. ഈ 41 പേരിൽ ഗ്രാന്‍ഡ് ജൂറി നടത്തിയ അവലോകനത്തിനുശേഷമാണ് 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചത്. നേതൃത്വം, ഗവേഷണം, നവീകരണം, രോഗീപരിചരണം, സാമൂഹിക സേവനം എന്നീ രംഗങ്ങളില്‍ നടത്തിയ സംഭാവനകളാണ് പരിഗണിച്ചത്.
അന്തിമ പട്ടികയിൽ ഇടം നേടിയ ജാസ്മിൻ ഷറഫ് ദുബൈ ഹെൽത്ത് അതോറിറ്റിയിലെ നഴ്സാണ്. കോവിഡ് വ്യാപിച്ച ആദ്യ മാസങ്ങളില്‍ ദുബൈയിലെ താഴ്ന്ന വരുമാനക്കാർക്ക് ചികിത്സയും ഭക്ഷണവും എത്തിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു. 30 വർഷത്തെ നഴ്സിങ് പരിചയത്തിനൊപ്പം പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമാണ് ലിന്‍സി പടിക്കാല ജോസഫ്. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യക്കാരിയായ റേച്ചല്‍ എബ്രഹാം ജോസഫും പട്ടികയിലുണ്ട്. മൂന്ന് ഭൂഖണ്ഡങ്ങളിലായി നാല്‍പ്പത് വര്‍ഷത്തിലേറെ അനുഭവപരിചയമുണ്ട് റേച്ചലിന്. ഇന്ത്യയിൽ നിന്നുള്ള മറ്റൊരു പ്രതിനിധിയാണ് മഞ്ജു ദണ്ഡപാണി. ചണ്ഡീഗഡ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങ് എജ്യുക്കേഷന്‍, പി.ജി.ഐ.എം.ഇ.ആര്‍ ഫാക്കല്‍റ്റിയാണ്.
ഖബാലെ ദുബ ഫൗണ്ടേഷൻ സ്ഥാപക അന്ന ഖബാലെ ദുബ (കെനിയ), കെനിയൻ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സായി 21 വര്‍ഷത്തിലേറെ പരിചസമ്പത്തുള്ള ദിദ ജിര്‍മ ബുല്ലെ (കെനിയ), യു.കെയിലെ രണ്ടാമത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര നഴ്‌സിങ്ങ് ഗ്രൂപ്പായ ഫിലിപ്പിനോ നഴ്‌സസ് അസോസിയേഷന്‍ സ്ഥാപക ഫ്രാന്‍സിസ് മൈക്കല്‍ ഫെര്‍ണാണ്ടോ (യു.കെ.), പാലിയേറ്റീവ് കെയര്‍ നഴ്സും വിദ്യാഭ്യാസ വിചക്ഷണയും ഗവേഷകയുമായ ജൂലിയ ഡൊറോത്തി ഡൗണിങ് (യു.കെ.), നഴ്സ് പ്രാക്ടീഷണറും സൈക്കോതെറാപ്പിസ്റ്റുമായ മാത്യു ജെയിംസ് ബോള്‍ (ഓസ്ട്രേലിയ), അഫ്ഗാനിലെ നഴ്സിങ്ങ്, മിഡ്വൈഫറി പ്രൊഫഷനുകളെ ശക്തിപ്പെടുത്തുന്നതിലും വിവിധ ദേശീയ, അന്തര്‍ദേശീയ ഫോറങ്ങളില്‍ സജീവമാക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ച വൈസ് മുഹമ്മദ് ഖറാനി (അഫ്ഗാനിസ്ഥാന്‍) എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.
തങ്ങളുടെ സ്ഥാപനത്തിന്‍റെ പ്രധാന സ്തംഭമായി നിലകൊള്ളുന്നത് 7000-ത്തിലധികം വരുന്ന നഴ്സുമാരാണെന്നും അവരുടെ പ്രതിബദ്ധതയ്ക്കും അനുകമ്പയ്ക്കും നൽകുന്ന ആദരമാണിതെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നിരവധി അപേക്ഷകരില്‍ നിന്ന് മികച്ച 10 നഴ്സുമാരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നത് പ്രമുഖരടങ്ങുന്ന ജൂറി അംഗങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു. ആദ്യ പത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഫൈനലിസ്റ്റുകള്‍ക്ക് അന്തിമ മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ വിജയം നേടാന്‍ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.