ആസ്റ്റർ ഫാർമസിയിലെ മരുന്നുകൾ ഇനി തലബാത്ത് വഴിയും
text_fieldsദുബൈ: ആസ്റ്റര്‍ ഫാര്‍മസിയിലെ മരുന്നുകൾ ഇനി മുതൽ തലബാത്ത് വഴി വീടുകളിലെത്തും. ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളാണ് യു.എ.ഇയിലെ ഇ- കോമേഴ്സ് ഡെലിവറി പ്ലാറ്റ്ഫോമായ തലബാത്ത് വഴി എത്തുന്നത്. ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പനും തലബാത്ത് യു.എ.ഇ മാനേജിങ് ഡയറക്ടർ ടാഷ്യാന റഹാലും ഒപ്പുവെച്ചു. തലബാത്ത് ഉപയോക്താക്കള്‍ക്ക് മെഡിക്കല്‍ കുറിപ്പടി, എമിറേറ്റ്സ് ഐ.ഡി, ഇൻഷുറൻസ് വിവരങ്ങൾ എന്നിവ തലബാത്ത് ആപ്പിൽ ആപ്ലോഡ് ചെയ്ത് ആസ്റ്റര്‍ ഫാര്മസിയിലെത്തിക്കാം. ഇതോടെ ഫാര്‍മസിസ്റ്റുകള്‍ ഉപഭോക്താക്കളെ ബന്ധപ്പെടും.
മരുന്നുകളെക്കുറിച്ചുള്ള ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയും ചെയ്യും. 90 മിനിറ്റിനുള്ളില്‍ തലബാത്ത് വഴി മരുന്നുകൾ താമസസ്ഥലത്തോ ഓഫിസിലോ എത്തും. ആസ്റ്റര്‍ ഫാര്‍മസിയില്‍നിന്ന് 30 മിനിറ്റോ അതില്‍ താഴെയോ സമയത്തില്‍ ഒ.ടി.സി മരുന്നുകളും ഹെല്‍ത്ത് -വെല്‍നസ് ഉൽപന്നങ്ങളും ഈ സംവിധാനത്തിലൂടെ വാങ്ങാൻ സാധിക്കും. ആദ്യഘട്ടത്തില്‍ ദുബൈയില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഈ സേവനം ലഭ്യമാകും. ഈ നിർണായക ഉദ്യമത്തിന് തുടക്കമിട്ട ആസ്റ്റര്‍ ഫാര്‍മസിയെയും തലബാത്തിനെയും ദുബൈ ഹെൽത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് റഗുലേഷന് സി.ഇ.ഒ മര്വാന് അല്‍ മുല്ല അഭിനന്ദിച്ചു.
രോഗികളുടെ പരിചരണം വർധിപ്പിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുകയാണ് ദുബൈയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സംരക്ഷണം എല്ലാവരിലേക്കും അനായാസം വ്യാപിപ്പിക്കുക എന്നതാണ് ആസ്റ്ററിന്റെ ദൗത്യമെന്നും ഇത് കൂടുതല്‍ ശക്തമാക്കാൻ തലബാത്തിനൊപ്പം പങ്കാളിത്തത്തിലേര്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും അലീഷ മൂപ്പന് പറഞ്ഞു. ലോക ഭൂപടത്തില്‍ ടെക് ഹബ് എന്നനിലയില്‍ സ്ഥാനമുറപ്പിച്ച യു.എ.ഇയിൽ ഹെല്‍ത്ത്-വെല്‍നസ് വ്യവസായത്തിന്റെ ഡിജിറ്റൽവത്കരണത്തെ പിന്തുണയ്ക്കാന്‍ ആസ്റ്റര്‍ ഫാര്‍മസിയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് തലബാത്ത് യു.എ.ഇ മാനേജിങ്ങ് ഡയറക്ടര്‍ ടാഷ്യാന റഹാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.