തലച്ചോറിലെ ട്യൂമർ അതിവിദഗ്ധമായി നീക്കി ആസ്റ്റർ
text_fieldsദുബൈ: തലച്ചോറിൽ ട്യൂമര്‍ ബാധിച്ച രോഗിക്ക് അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ പുതുജീവിതം നൽകി ആസ്റ്റർ ഹോസ്പിറ്റൽ. 24കാരനായ നൈജീരിയന്‍ പൗരനായ ഇമ്മാനുവല്‍ എന്സെറിബ് ഒകെഗ്ബ്യൂ എന്ന രോഗിയാണ് മൻഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചത്.
അപസ്മാരവും ചെറിയ ബോധക്ഷയവും അനുഭവപ്പെട്ടതോടെയാണ് ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനകളിൽ ഗുരുതരമായ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ജീവൻതന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയിലായിരുന്നു യുവാവ്. ഇതോടെ ന്യൂറോ സര്ജന്മാരായ ഡോ. ചെല്ലദുരൈ പാണ്ഡ്യന് ഹരിഹരന്, ഡോ. പ്രകാശ് നായര്‍, ന്യൂറോ സര്‍ജറി ആൻഡ് സ്പൈന്‍ സര്‍ജറി കണ്‍സള്‍ട്ടന്റായ ഡോ. സി.വി. ഗോപാലകൃഷ്ണന് എന്നിവരുള്‍പ്പെടുന്ന ഡോക്ടർ സംഘം ആറ് മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവിൽ ട്യൂമർ നീക്കം ചെയ്യുകയായിരുന്നു.
തലച്ചോറിലേക്ക് പ്രവേശിക്കുന്നതിനായി തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്താണ് മാരകമായ വെന്‍ട്രിക്കുലാര്‍ ട്യൂമര്‍ പുറത്തെടുക്കാനായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പിന്നീട് നടത്തിയ തുടർ പരിശോധനകളിൽ രോഗി പൂർണമായും സുഖം പ്രാപിച്ചതായി കണ്ടെത്തിയെന്ന് ആസ്റ്റർ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.