ആസ്റ്റര്‍ വളന്റിയേഴ്സ് 50ാമത് മൊബൈല്‍ ക്ലിനിക് പുറത്തിറക്കി
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റര്‍ വളന്റിയേഴ്സിന്റെ 50ാമത്തെ സൗജന്യ മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ നിര്‍വഹിച്ചു. ജമ്മു-കശ്മീരിലെ ശ്രീനഗറിലും കര്‍ണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈല്‍ ക്ലിനിക്കുകളാണ് ആരംഭിച്ചത്. ചടങ്ങിൽ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന്, ഡയറക്ടര്‍ അനൂപ് മൂപ്പന്, ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഗവേണന്‍സ് വിഭാഗം മേധാവിയും എക്സിക്യുട്ടിവ് ഡയറക്ടറുമായ ടി.ജെ. വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ലാണ് ടെന്നിസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ഡല്‍ഹി പ്രസിഡന്റ് ഓഫ് മിക്സഡ് മാര്‍ഷ്യല്‍ ആര്ട്സുമായ പ്രബല്‍ പ്രതാപ് സിങ് തോമര്‍, പദ്ധതി ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് പ്രചരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അശോക് ലെയ്ലാന്ഡിന്റെ ഏഴ് മീറ്റര്‍ നീളമുള്ള മിത്ര് എന്ന വാഹനത്തിലാണ് പുതിയ മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗികള്‍ക്ക് കാത്തിരിപ്പ് ഇടവും രജിസ്ട്രേഷന് ഡെസ്കും പ്രാഥമിക പരിശോധനകള്‍ക്കായി ഒരു ചെറിയ ലബോറട്ടറിയും ഉണ്ട്. മരുന്നുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കുന്നതിന് റെഫ്രിജറേറ്റര്‍ സംവിധാനവും തയാറാണ്. ഡോക്ടറെ കാണുന്നതിനായി പ്രത്യേക മുറിയും വാഹനത്തിലുണ്ട്. നിലവില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഒഡിഷ, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലായി ആകെ 31 മൊബൈല്‍ ക്ലിനിക്കുകളാണ് ഇന്ത്യയില്‍ ആസ്റ്റര്‍ വളന്റിയേഴ്സ് നടത്തിവരുന്നത്. ഗുജറാത്തിലും ആന്ധ്രപ്രദേശിലും കൂടി ഉടന്‍ പുതിയ യൂനിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും. 2025ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പുതിയ 10 യൂനിറ്റുകള്‍ കൂടി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ, യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നിവയുള്‍പ്പെടെ ജി.സി.സി രാജ്യങ്ങളിലുടനീളം നാല് മൊബൈല്‍ ക്ലിനിക്കുകള്‍ ഗ്രൂപ് വിന്യസിച്ചിട്ടുണ്ട്. അതുപോലെ, ആറ് മൊബൈല്‍ ക്ലിനിക്കുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.