നിരാലംബരായ കുട്ടികള്‍ക്ക് ഈദ് ആഘോഷമൊരുക്കി ആസ്റ്റര്‍ വളന്റിയേഴ്സ്
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ ആഗോള സി.എസ്.ആര് മുഖമായ ആസ്റ്റര്‍ വളന്റിയേഴ്സ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പുമായി സഹകരിച്ച് നിരാലംബരായ കുട്ടികള്‍ക്കായി ‘സ്മൈൽ 5.0’എന്ന പരിപാടി സംഘടിപ്പിച്ചു. ഒയാസിസ് മാളില്‍ സംഘടിപ്പിച്ച പരിപാടിയിലൂടെ എമിറേറ്റ്സ് റെഡ് ക്രസന്റിലെ 140 കുട്ടികള്‍ക്ക് വിവിധ വിനോദ പരിപാടികളും ഈദ് ഷോപ്പിങ്ങുമൊരുക്കി.
കുട്ടികള്‍ ഒയാസിസ് മാളിലെ ഫണ്‍ സിറ്റി സന്ദര്‍ശിക്കുകയും ഷോപ്പിങ് ടൂറിൽ പങ്കെടുക്കുകയും ചെയ്തു. എല്ലാവരിലും സൗഹാർദത്തിന്റെയും ക്ഷേമത്തിന്റെയും മനോഭാവം വളര്‍ത്തുന്ന സ്മൈല്‍ ഉദ്യമത്തിലൂടെ നിര്‍ധന കുട്ടികളുടെ ഈദ് സവിശേഷവും അർഥപൂർണവുമാക്കാന്‍ തങ്ങൾ പരിശ്രമിച്ചുവരുകയാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു.
‘സ്മൈല്‍ 5.0’എന്ന അനുകമ്പ നിറഞ്ഞ പ്രവൃത്തിയിലൂടെ ആസ്റ്റര്‍ വളന്റിയേഴ്സ് അര്‍ഹരായ കുട്ടികള്‍ക്ക് മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യുന്നു. തങ്ങളുടെ ശ്രമങ്ങളില്‍ എമിറേറ്റ്സ് റെഡ് ക്രസന്റും ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പും പങ്കാളിയാകുന്നതില്‍ അഭിമാനിക്കുന്നു. ഒരുമയോടെ പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട ഇടമാക്കി ഈ ലോകത്തെ മാറ്റാമെന്നും അലീഷാ മൂപ്പന് വ്യക്തമാക്കി.
36ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ വളന്റിയേഴ്സിന്റെ കീഴില്‍ ഒരു വര്‍ഷം നീളുന്ന ‘ദയ ഒരു ശീലമാണ്’എന്ന പേരിൽ കാമ്പയിൻ പ്രഖ്യാപിച്ചത്. ദയയും അനുകമ്പയും ദൈനംദിന ശീലമായി സ്വീകരിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആസ്റ്ററിന്റെ നേതൃത്വത്തില്‍ പുറത്തുനിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരെയും ജീവനക്കാരെയും ഒരുമിപ്പിച്ച് ഈദ് ആഘോഷങ്ങള്‍ക്കായി നിരാലംബരായ കുട്ടികള്‍ക്ക് ഷോപ്പിങ് നടത്താന്‍ സഹായിക്കുന്ന ഉദ്യമമാണ് സ്മൈൽ പ്രോഗ്രാം. അര്‍ഹരായ കുട്ടികളുടെ ജീവിതം പരിപോഷിപ്പിക്കുന്നതിനായി 2018ല്‍ ആരംഭിച്ച ഈ ഉദ്യമം ഇതുവരെ 1500 കുട്ടികൾക്ക് സഹായമേകി. ഒയാസിസ് മാളിൽ നടന്ന പരിപാടിയുടെ സംഘാടകർക്ക് നന്ദിയും സന്തോഷവും അറിയിച്ചാണ് കുട്ടികളും രക്ഷിതാക്കളും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.