ആസ്റ്റര്‍ വളന്റിയർമാർ 434 കിലോ ഇ-മാലിന്യം പുനഃചംക്രമണം നടത്തി
text_fieldsദുബൈ: ആസ്റ്റര്‍ വളന്റിയേഴ്സ് യു.എ.ഇ- ആസ്റ്റര്‍ ഗ്രീന്‍ ചോയ്സ് സംരംഭത്തിന്റെ ഭാഗമായി മൂന്നാം ഘട്ട ഇ-മാലിന്യ ശേഖരണ ദൗത്യം സംഘടിപ്പിച്ചു. യു.എ.ഇയിലെ ആറ് മേഖലകളില്‍ മാലിന്യക്കൊട്ടകൾ സ്ഥാപിച്ച് ശേഖരിച്ച 434 കിലോ ഇ-മാലിന്യങ്ങള്‍ പുനരുപയോഗ പ്രക്രിയക്ക് വിധേയമാക്കി.
ആസ്റ്റര്‍ ജൂബിലി മെഡിക്കല്‍ സെന്റര്‍ ബര് ദുബൈ, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ മന്‍ഖൂല്‍ അല്‍ റഫ, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ, മെഡ്കെയര്‍ ഓര്‍ത്തോപീഡിക് സ്പൈന്‍ ഹോസ്പിറ്റല്‍ ശൈഖ് സായിദ് റോഡ് ദുബൈ, മെഡ്കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫ ദുബൈ എന്നീ സ്ഥാപനങ്ങളാണ് മാലിന്യ ശേഖരണത്തിൽ സഹകരിച്ചത്. മൂന്ന് ഘട്ടങ്ങളിലായി ഈ സംരംഭത്തിലൂടെ 1,248 കിലോഗ്രാം ഇ-മാലിന്യങ്ങളാണ് ഇതുവരെ ആസ്റ്റർ പുനഃചംക്രമണം ചെയ്തത്.
ശരിയായ ഇ-മാലിന്യ നിര്‍മാര്‍ജനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, ഇലക്ട്രോണിക് മാലിന്യത്തിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും യു.എ.ഇയിലുടനീളം കൂടുതല്‍ സുസ്ഥിരമായ രീതികള്‍ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
2020ല്‍ 496 കിലോയും 2023ല്‍ 318 കിലോയും, 2024ല്‍ 434 കിലോയും ഇ-മാലിന്യങ്ങൾ റിസൈക്കിള്‍ ചെയ്യാന്‍ സാധിച്ചു. വിവിധ യൂനിറ്റുകളില്‍നിന്നുള്ള ആസ്റ്റര്‍ ജീവനക്കാര്‍ സമീപത്തെ കടകളില്‍നിന്നും അവരുടെ വീടുകളില്‍നിന്നുമാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ചത്.ശേഖരിച്ച ഇ-മാലിന്യങ്ങള്‍ ഇ-സ്ക്രാപ്പിൽ പുനരുപയോഗ പ്രക്രിയക്ക് വിധേയമാക്കുകയും, ആസ്റ്റര്‍ വളന്റിയേഴ്സ് യു.എ.ഇക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.