5000 പേർക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ആസ്റ്റർ
text_fieldsദുബൈ: ലോകാരോഗ്യ ദിനത്തിന്‍റെ ഭാഗമായി ആസ്റ്റര്‍ ഡി.എം ഹെൽത്ത് കെയറിന്‍റെ സി.എസ്.ആർ മുഖമായ ആസ്റ്റര്‍ വളന്റിയേഴ്‌സ് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 10 മുതല്‍ ആരംഭിക്കുന്ന ക്യാമ്പ് താഴ്ന്ന വരുമാനക്കാരായ 5,000ത്തോളം ആളുകളെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. ദിവസവും വൈകീട്ട് അഞ്ചു മണിക്കൂര്‍ തുടരുന്ന ക്യാമ്പ് ഏപ്രില്‍ അവസാനം സമാപിക്കും.
യൂറോളജി, പള്‍മണോളജി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്സ്, ജനറല്‍ സര്‍ജറി, ഇന്‍റേണല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്ധരെ സൗജന്യ കണ്‍സള്‍ട്ടേഷനായി ലഭ്യമാക്കും. ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്താത്തവരിലേക്ക് മികച്ച പരിചരണം എത്തിക്കാനാണ് ലക്ഷ്യമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്‌സ് യു.എ.ഇ സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ഇത് റമദാന്‍ മാസമാണ്. ലോകാരോഗ്യ ദിനത്തിന്‍റെ ഭാഗമായ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ഇതിലും നല്ല അവസരമില്ല. ഇതാണ് സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്നും ഷെര്‍ബാസ് ബിച്ചു വ്യക്തമാക്കി.
എച്ച്.ബി.എ1സി (രക്തത്തിലെ പഞ്ചസാരയുടെ അളവ് വിലയിരുത്തുന്നതിനുള്ള പരിശോധന), റാന്‍ഡം ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, ബി.എം.ഐ തുടങ്ങിയ പരിശോധനകള്‍ ക്യാമ്പിലുണ്ടാവും. തുടര്‍ന്ന് ഡോക്ടറുമായി ആശയവിനിമയം നടത്തും. പ്രത്യേക കണ്‍സള്‍ട്ടേഷന്‍ ആവശ്യമുള്ള ആളുകളെ കൂടുതല്‍ പരിശോധനകള്‍ക്കായി സ്‌പെഷാലിറ്റി ഡോക്ടറുടെ അടുത്തേക്ക് വിടും. പ്രാഥമിക ചികിത്സയെ കുറിച്ചും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും പരിശീലനം ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.