പക്ഷാഘാത ബോധവത്കരണവുമായി ആസ്റ്റർ
text_fieldsദുബൈ: പക്ഷാഘാതത്തിെൻറ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയണമെന്നും കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നും ആസ്റ്റർ ഡോക്ടർമാർ. ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച ബോധവത്കരണത്തിെൻറ ഭാഗമായാണ് ആസ്റ്റര്‍ ഡോക്ടര്‍മാര്‍ പക്ഷാഘാതത്തിെൻറ ഭവിഷ്യത്തുകൾ വിവരിച്ചത്.
വൈകല്യത്തിെൻറ രണ്ടാമത്തെ പ്രധാന കാരണമാണ് പക്ഷാഘാതം. ഓരോ ആറ് മരണങ്ങളില്‍ ഒരെണ്ണം പക്ഷാഘാതത്തെത്തുടര്ന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലമാണ്. യു.എ.ഇയില്‍ സ്ട്രോക്ക് രോഗികളില്‍ 50 ശതമാനം പേരും 45 വയസ്സിൽ താഴെയുള്ളവരാണ്. എന്നാല്‍, ആഗോള തലത്തിൽ 80 ശതമാനം സ്ട്രോക്ക് രോഗികളും 65 വയസ്സിന് മുകളിലുള്ളവരാണ്.
പക്ഷാഘാതം സംഭവിക്കുമ്പോള്‍ ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണ്. 85 ശതമാനം സ്ട്രോക്ക് കേസുകളും രക്തക്കുഴലുകളിലെ തടസ്സം മൂലമാണ് ഉണ്ടാകുന്നത്. മസ്തിഷ്ക ക്ഷതം, വൈകല്യം, മറ്റ് മാരകമായ ഫലങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ പക്ഷാഘാതം സംഭവിച്ചത് മുതലുള്ള 60 മിനിറ്റ് എന്ന സുവര്‍ണ മണിക്കൂര്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് ആസ്റ്റർ ഹോസ്പിറ്റല്‍ അല്‍ ഖിസൈസിലെ ന്യൂറോളജി സ്പെഷലിസ്റ്റ് ഡോക്ടര്‍ നസീം പാലക്കുഴിയില്‍ പറഞ്ഞു. അടിയന്തര മെഡിക്കല്‍ സഹായത്തിന് ഈ സമയത്തിനുള്ളില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് വിളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സുവര്‍ണ മണിക്കൂറിനുള്ളില്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ശരീരം തളര്‍ന്നുപോകാനും സംവേദന-സംസാര വൈകല്യങ്ങളുണ്ടാകാനും മരണത്തിനും കാരണമാകുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസിലെ ന്യൂറോ സര്‍ജറി സ്പെഷലിസ്റ്റ് ഡോ. ചെല്ലദുരൈ പാണ്ഡ്യന് ഹരിഹരന് പറഞ്ഞു. എന്നാൽ, കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണം, സമ്മര്‍ദം ഒഴിവാക്കുക തുടങ്ങി നല്ല ആരോഗ്യ ശീലങ്ങള്‍ പിന്തുടരുകയും പക്ഷാഘാതമുണ്ടായി സുവര്ണമണിക്കൂറിനുള്ളില് ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ ഗുരുതര സങ്കീര്‍ണതകള്‍ ഒഴിവാക്കാനാകുമെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരീരം അനങ്ങാതെയുള്ള ജീവിതശൈലി, പ്രമേഹം, രക്തസമ്മര്‍ദം, അമിത വണ്ണം, ജങ്ക് ഫുഡിെൻറ ഉയര്‍ന്ന ഉപഭോഗം, ഉയര്‍ന്ന കൊളസ്ട്രോള്‍, പുകവലി എന്നിവയാണ് സ്ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍. ആസ്റ്റര്‍ ഹോസ്പിറ്റലിെൻറ ന്യൂറോ സയന്‍സിലെ സെൻറര്‍ ഓഫ് എക്സലന്‍സ് യു.എ.ഇയിലെ രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ന്യൂറോളജിക്കല്‍ പരിചരണമാണ് പ്രദാനം ചെയ്യുന്നത്.
യു.എ.ഇയിലെ ആസ്റ്റര്‍ ആശുപത്രികളില്‍ ഒരു വര്‍ഷത്തിനിടെ 1567 പക്ഷാഘാത രോഗികളാണ് ചികിത്സ തേടിയത്. ഇതിൽ ഏറെയും ഏഷ്യന്‍ വംശജരും 81 ശതമാനം രോഗികളും പുരുഷന്മാരുമായിരുന്നു. കൂടുതല്‍ പേരും 40- 60 വയസ്സിനിടെ പ്രായമുള്ളവരാണ്.
മുഖം തൂങ്ങല്‍, കൈകളുടെ ബലഹീനത, സംസാരത്തിലെ അവ്യക്തത എന്നിവ കണ്ടുവരുന്നവര്‍ ഉടൻ അടിയന്തര മെഡിക്കല്‍ സഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.