അർബുദബാധിതരായ കുട്ടികളെ സന്ദർശിച്ച് ബഹിരാകാശ യാത്രികർ
text_fieldsദുബൈ: അർബുദ ബാധിതരായ കുട്ടികളെ ആശുപത്രിയിൽ സന്ദർശിച്ച് യു.എ.ഇ ബഹിരാകാശ സഞ്ചാരികളായ നൂറ അൽ മത്രൂഷിയും മുഹമ്മദ് അൽ മുല്ലയും. രോഗികളായ കുട്ടികൾക്ക് മാനസിക പിന്തുണ നൽകുകയെന്ന ഉദ്ദേശ്യത്തോടെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽനിന്നുള്ള (എം.ബി.ആർ.എസ്.സി) ബഹിരാകാശ യാത്രികരെ പങ്കെടുപ്പിച്ചുകൊണ്ട് ‘ഫ്രണ്ട്സ് ഓഫ് കാൻസർ പാഷ്യൻസാണ് (എഫ്.ഒ.സി.പി) കുട്ടികൾക്ക് അപൂർവ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.
ദുബൈയിലെ മെഡി ക്ലിനിക് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞുരോഗികളുടെ ശരീരവും മനസ്സും കുളിർപ്പിക്കുന്ന കൂടിക്കാഴ്ച. അർബുദ ബാധിതരായ 25ഓളം കുട്ടികളാണ് ആശുപത്രിയിലുണ്ടായിരുന്നത്.
അവരുടെ ശരീരത്തെ രോഗം പിടികൂടിയെങ്കിലും മനസ്സുകൾ ആകാശക്കാഴ്ചകളിലേക്ക് സഞ്ചരിക്കുകയായിരുന്നു. വാർത്തകളിലൂടെ കേട്ടറിഞ്ഞ ശൂന്യാകാശത്തെ ഹീറോകളെ കൺമുന്നിൽ കണ്ടപ്പോൾ കുട്ടികളുടെ മുഖത്ത് ആഹ്ലാദത്തിര ഉയർന്നു. കുട്ടികളെ എടുത്തുയർത്തി കെട്ടിപ്പിടിച്ചാണ് നൂറ അൽ മത്രൂഷി സ്നേഹം പങ്കിട്ടത്.
രോഗികളായ കുട്ടികൾക്ക് വൈകാരികമായ പിന്തുണ നൽകുന്നതിനോടൊപ്പം ബഹിരാകാശത്തെകുറിച്ചും ബഹിരാകാശ യാത്രികരുടെ യാത്രയെ കുറിച്ചും അറിവുകൾ പങ്കുവെക്കുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശ്യം.
അതോടൊപ്പം അവരുടെ ആശയങ്ങളും അനുഭവങ്ങളും സ്വപ്നങ്ങളും പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പര്യവേക്ഷകരുടെ ഇടപെടലുകൾ. ബഹിരാകാശത്തെ കുറിച്ച് കുട്ടികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. യു.എ.ഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരിയാണ് നൂറ അൽ മത്രൂഷി.
ബഹിരാകാശ ദൗത്യത്തെ കുറിച്ച് നൂറ കുട്ടികൾക്ക് വിശദീകരിച്ചുനൽകിയപ്പോൾ എം.ബി.ആർ.എസ്.സിയിൽ ബഹിരാകാശ പ്രോഗ്രാമുകളുടെ ഭാഗമായതിനെ കുറിച്ചുള്ള നടപടികളും മറ്റുമാണ് മുഹമ്മദ് അൽ മുല്ല പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.