യു.എ.ഇയിൽ ഡെലിവറി ബോയ്സിന് ലൈസൻസ് കിട്ടണമെങ്കിൽ 20 മണിക്കൂറെങ്കിലും പരിശീലനം
text_fieldsദുബൈ: ഡെലിവറി ബോയ്സിന് ലൈസൻസ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പരിശീലന സമയം 20 മണിക്കൂറായി വർധിപ്പിച്ചു. രാത്രി പരിശീലനം നിർബന്ധമാക്കിയതായും അധികൃതർ അറിയിച്ചു. ഡെലിവറി ബൈക്കുകളുടെ അപകടം വർധിച്ചതിനെ തുടർന്നാണ് തീരുമാനം.
നേരത്തെ ലൈസൻസ് നേടുന്നതിന് 15 മണിക്കൂർ പരിശീലനമായിരുന്നു വേണ്ടിയിരുന്നത്. ഇതാണ് 20 മണിക്കൂറായി ഉയർത്തിയത്. രാത്രി രണ്ട് മണിക്കൂറെങ്കിലും പരിശീലനം നടത്തിയിരിക്കണം. രാത്രി അപകടം വർധിച്ചതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനം. പ്രായോഗിക പരിശീലനം പൂർത്തിയാക്കുന്നവർക്കാണ് ലൈസൻസ് നൽകുക. ഡെലിവറി സ്ഥാപനത്തിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതും ഉപഭോക്താക്കളുടെ ഓർഡർ സ്വീകരിക്കുന്നതും ഭക്ഷണമെത്തിക്കുന്നതുമെല്ലാം പരിശീലനത്തിൽ ഉൾപെടും.
ഡെലിവറി ബോക്സുകൾ ബൈക്കിൽ സ്ഥാപിക്കുന്നതും ഉൽപന്നങ്ങൾ ബോക്സിൽ വെക്കുന്നതും പരിശീലിപ്പിക്കും. സാധാരണ ബൈക്ക് ലൈസൻസിന് അപേക്ഷിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഡെലിവറി ബൈക്ക് റൈഡർമാർക്ക് ലൈസൻസ് നൽകുന്നത്. ഡെലിവറി കമ്പനിയോ തൊഴിലുടമയോ മുഖേനയാണ് ഇവരെ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയക്കുന്നത്. എൽബോ പ്രൊട്ടക്ടറുകൾ, ഹെൽമെറ്റുകൾ, സുരക്ഷാ ഷൂകൾ എന്നിവ ഉൾപ്പെടുന്ന മോട്ടോർബൈക്ക് റൈഡറുകൾക്കുള്ള സംരക്ഷണ ഉപകരണങ്ങൾ രൂപപ്പെടുത്തുന്നതും ആലോചനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.