66ാം വയസ്സിൽ അബൂബക്കറിന് കന്നിവോട്ട്
text_fieldsദുബൈ: പ്രവാസിവോട്ട് വേണമെന്ന മുറവിളികളുയരുേമ്പാൾ നാട്ടിലെത്തി വോട്ട് ചെയ്യാൻ അവസരം ലഭിക്കാത്തതിെൻറ പേരിൽ ഇതുവരെ വോട്ട് ചെയ്യാത്തൊരാൾ ഇക്കുറി ആദ്യമായി പോളിങ് ബൂത്തിലെത്തും.ചങ്ങരംകുളം സ്വദേശി വി.വി. അബൂബക്കറാണ് 66ാം വയസ്സിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നത്. നാല് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞവർഷമാണ് അദ്ദേഹം നാട്ടിലെത്തിയത്.പഠനകാലത്ത് 1969ൽ ചങ്ങരംകുളം ഹൈസ്കൂളിലെ ലീഡറെ തിരഞ്ഞെടുക്കാനാണ് അവസാനമായി അബൂബക്കർ വോട്ട് ചെയ്തത്.
അന്ന് ജയിച്ച കെ.എസ്.യു ലീഡർക്ക് അഭിവാദ്യമർപ്പിച്ച് ചങ്ങരംകുളം ടൗണിൽ അന്നത്തെ പ്രമുഖ കമ്യൂണിസ്റ്റുകാരനായിരുന്ന കുട്ടൻപിള്ളയുടെ ടെക്സ്റ്റയിൽസിന് മുന്നിലൂടെ മുദ്രാവാക്യം വിളിച്ച് ആഹ്ലാദപ്രകടനം നടത്തിയതും വിജയിയെ അനുമോദിക്കാൻ കെ.എസ്.യുവിെൻറ അന്നത്തെ യുവനേതാവ് വി.എം. സുധീരൻ വന്നതും ഓർമയിലുണ്ട്.
പിന്നീട് നടന്ന ഒരു പൊതുതെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ ഭാഗ്യം ലഭിച്ചില്ല. കോൺഗ്രസ് അനുഭാവിയായിരുന്ന അബൂബക്കർ ഇപ്പോൾ വെൽഫെയർ പാർട്ടിക്കാരനാണ്.1978ൽ ദുബൈയിലെത്തിയ അബൂബക്കർ പെട്രോളിയം മന്ത്രാലയത്തിലെ ജോലി അവസാനിച്ച് 2019 നവംബറിലാണ് നാട്ടിലേക്ക് മടങ്ങിയത്. ഉടൻ സുഹൃത്തുക്കളുടെ സഹായത്താൽ വോട്ടർ പട്ടികയിൽ പേരുചേർത്തു.
പന്താവൂർ പാലത്തിനടുത്ത് വെള്ളെനാത്ത് വളപ്പിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന അബൂബക്കറിന് കന്നിവോട്ടിൽ ഒരേസമയം മൂന്നെണ്ണം ചെയ്യാനുള്ള അവസരം കൈവന്നതിൽ ആഹ്ലാദമുണ്ട്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് ഇവ മൂന്നിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താനുള്ള കാത്തിരിപ്പിലാണ് നാട്ടുകാരുടേയും പ്രവാസി സുഹൃത്തുക്കളുടേയും പ്രിയ വി.വി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.