റമദാനിൽ ഭക്ഷണപ്പൊതികളുമായി റെഡ്ക്രസെൻറത്തും
text_fieldsദുബൈ: കരുണയുടെ മാസത്തിൽ കാരുണ്യത്തിെൻറ കരങ്ങൾ നീട്ടി റെഡ്ക്രസൻറ് ഇക്കുറിയുമുണ്ടാവും. കോവിഡ് വ്യാപനം മൂലം റമദാൻ ടെൻറുകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 112 കേന്ദ്രങ്ങളിൽ ഭക്ഷണപ്പൊതിയുമായി എമിറേറ്റ്സ് റെഡ് ക്രസൻറ് (ഇ.ആർ.സി) എത്തും. യു.എ.ഇയിലെ 12 ലക്ഷം ജനങ്ങളിലേക്ക് ഇ.ആർ.സിയുടെ സഹായമെത്തുമെന്നാണ് പ്രതീക്ഷ.
ഭക്ഷണപ്പൊതികൾ വീടുകളിൽ എത്തിച്ച് നൽകാനും റെഡ്ക്രസൻറിന് പദ്ധതിയുണ്ട്. ആറുലക്ഷം തൊഴിലാളികളിലേക്കും ദുരിതമനുഭവിക്കുന്ന 81,600 കുടുംബങ്ങളിലേക്കും 1.40 ലക്ഷം ആരോഗ്യ പ്രവർത്തകരിലേക്കും റെഡ്ക്രസൻറിെൻറ സഹായമെത്തും. അബൂദബിയിൽ മാത്രം 26 കേന്ദ്രങ്ങളിൽ വിതരണമുണ്ടാവും. ഇതിനുപുറമെ അൽ ദഫ്റയിലും (20) അൽഐനിലും (19) ഇ.ആർ.സി എത്തും. വടക്കൻ എമിറേറ്റുകളിലെ 47 കേന്ദ്രങ്ങളിൽ വിതരണമുണ്ടാകും. 14,666 പേർക്ക് പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്യും. 'ബി ദ ചേഞ്ച്' എന്ന പേരിൽ ഇ.ആർ.സി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹിയാണ് പദ്ധതി പ്രഖ്യാപിച്ചത്. കൂട്ടം ചേരൽ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള സർക്കാറിെൻറ ആഹ്വാനം യാഥാർഥ്യമാക്കുന്നതിനുവേണ്ടി കൂടിയാണ് ഇ.ആർ.സിയുടെ ഉദ്യമം.
വിവിധ രാജ്യങ്ങളിലെ ഇഫ്താർ പരിപാടികളിലായി നാലുലക്ഷം പേരിലേക്ക് റെഡ്ക്രസൻറിെൻറ സഹായമെത്തുമെന്ന് ഇൻറർനാഷനൽ കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫഹദ് അബ്ദുൽ റഹ്മാൻ ബിൻ സുൽത്താൻ പറഞ്ഞു. സകാത്തുൽ ഫിത്ർ പ്രോഗ്രാം വഴി 1.46 ലക്ഷം, പെരുന്നാൾ വസ്ത്ര വിതരണത്തിലൂടെ 18,085 പേർക്കും സഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.