അറ്റ്ലസ് രാമചന്ദ്രന് അതിജീവനത്തിന്‍റെ 80ാം പിറന്നാൾ
text_fieldsദുബൈ: മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രന് അതിജീവനത്തിന്‍റെയും സഹജീവി സ്നേഹത്തിന്‍റെയും വിജയപരാജയങ്ങളുടെയും 80 വയസ്സ്. പോരാട്ടവഴിയിലൂടെ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെങ്കിലും കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയാണ് അദ്ദേഹം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി വീണ്ടും മടങ്ങിയെത്താനാവുമെന്ന ആത്മവിശ്വാസത്തിനൊപ്പം ദുരിതകാലത്ത് കൂടെ നിന്നവർക്ക് നന്ദിയും സ്നേഹവും അർപ്പിക്കുകയാണ് അദ്ദേഹം.
പിന്തുണയും ആശംസകളും നേർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ബർദുബൈയിലെ വീട്ടിൽ ഒത്തുകൂടി. ലളിതമായ ചടങ്ങിൽ രാമചന്ദ്രനെ കുറിച്ചുള്ള വിഡിയോ ആൽബം സംഗീത സംവിധായകൻ എം. ജയചന്ദ്രൻ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
രാമചന്ദ്രന്‍റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളെ കോർത്തിണക്കിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. സിനിമ താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെ പ്രമുഖരുമൊത്തുള്ള പഴയകാല ചിത്രങ്ങളും ആൽബത്തിൽ കാണാം. അദ്ദേഹത്തിന്‍റെ സിനിമ, ബിസിനസ് ജീവിതങ്ങളെ കുറിച്ചും ആൽബത്തിലൂടെ പറയുന്നു. സഹോദരൻ എം.എം. രാമപ്രസാദ് മേനോൻ കുറിച്ച വരികൾക്ക് ഈണം നൽകിയത് രഞ്ജിത് മേലേപ്പാട്ടാണ്. നിർമാണവും ആശയസാക്ഷാത്കാരവും മകൾ ഡോ. മഞ്ജു രാമചന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്. അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്ക് കൈപിടിച്ചുയർത്തുന്നവരാണ് ഗുരുക്കൻമാരെന്നും അത്തരത്തിൽ നോക്കുമ്പോൾ അറ്റ്ലസ് രാമചന്ദ്രൻ തന്‍റെ ഗുരുവാണെന്നും എം. ജയചന്ദ്രൻ പറഞ്ഞു. താൻ വീണപ്പോഴൊക്കെ കൈപിടിച്ചുയർത്തിയയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതകാലത്തും എല്ലാവരും ഒപ്പം നിന്നെന്നും താൻ കൊടുത്ത സ്നേഹമാണ് തിരികെ കിട്ടുന്നതെന്നും അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.