ഇനി ജനകോടികളുടെ ഓർമകളിൽ...
text_fieldsദുബൈ: അറ്റ്ലസ് രാമചന്ദ്രൻ ഓർമയാകുമ്പോൾ നെഞ്ചുപിടഞ്ഞ് പ്രവാസ ലോകവും. പ്രവാസികളും രാമചന്ദ്രനും തമ്മിൽ അത്രമേൽ അടുപ്പമായിരുന്നു. ഒരുകാലത്ത് വ്യവസായ ലോകം കൈയടക്കിയിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ മരണത്തിൽ വ്യവസായ പ്രമുഖർപോലും മൗനം നടിക്കുമ്പോൾ കണ്ണീരൊഴുക്കി യാത്രയയക്കുകയാണ് പ്രവാസലോകം. മരണവാർത്ത അറിഞ്ഞയുടൻ ദുബൈ മൻഖൂലിലെ ആസ്റ്റർ ആശുപത്രിയിലേക്ക് ഓടിയെത്തിയ പ്രവാസികളാണ് ഇതിന് സാക്ഷി.
ഏറെ അടുപ്പമുള്ളവർക്ക് അദ്ദേഹം രാമേട്ടനായിരുന്നു. സമ്പത്തുണ്ടായിരുന്ന കാലത്ത് പ്രവാസലോകത്ത് ദുരിതമനുഭവിക്കുന്നവർക്ക് തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ അവർ തിരികെനൽകിയതും ഈ സ്നേഹമാണ്. കടയിൽ വരുന്ന ഉപഭോക്താക്കൾക്ക് എന്താണ് ആവശ്യമെന്ന് നേരിട്ട് ചോദിച്ച് മനസ്സിലാക്കി ആവശ്യമായത് ചെയ്ത് കൊടുത്തിരുന്നു. മക്കളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പണം തികയാതെ വന്നവർക്ക് കടമായി ആഭരണങ്ങൾ നൽകി. ചിലത് പണം തിരികെ കിട്ടില്ല എന്നറിഞ്ഞുകൊണ്ടാണ് കൊടുത്തിരുന്നത്. മസ്കത്തിലെ ആശുപത്രിയിൽ പാവങ്ങൾക്കായി നിരവധി സഹായം ചെയ്തു. പണം ഉണ്ടാകുമ്പോൾ കൊണ്ടുവന്നാൽ മതിയെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
പ്രവാസി സംഘടനകളുടെ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യം പങ്കെടുത്തത് ബാലഭാസ്കറിന് ആദരാഞ്ജലി അർപ്പിച്ച പരിപാടിയിലായിരുന്നു. അഭിനേതാവും നിർമാതാവും കലാകാരനുമായ അദ്ദേഹം വിടവാങ്ങിയത് ബാലഭാസ്കറിന്റെ ഓർമ ദിനത്തിലാണെന്നത് യാദൃച്ഛികം. അഡ്വ. ഹാഷിക് തൈക്കണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിക്കുശേഷം അദ്ദേഹം വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടു.
ഇഫ്താർ വിരുന്നുകളിലും ഓണം പരിപാടികളിലുമെല്ലാം രാമചന്ദ്രൻ ഓടിയെത്തി. ഓരോ വേദിയിലും 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന തന്റെ മാസ്റ്റർ പീസ് ഡയലോഗ് അദ്ദേഹം ഒരു മടിയും കൂടാതെ ആവർത്തിച്ചു. അത് കേൾക്കാൻ പ്രവാസലോകത്തിനും വലിയ ഇഷ്ടമായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിൽ പ്രവാസിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്. ദുബൈയിൽ ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ കോട്ട് നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
എഴുതിത്തീരാത്ത ആത്മകഥ; സിനിമ മോഹവും ബാക്കി
ദുബൈ: ബുർജുമാനിലെ അപ്പാർട്മെന്റിൽ അറ്റ്ലസ് രാമചന്ദ്രന്റെ കിടപ്പുമുറിയിലെത്തിയാൽ ഇനിയും പൂർത്തിയാകാത്തൊരു ഡയറിക്കുറിപ്പ് കാണാൻ കഴിയും. ഇംഗ്ലീഷിൽ കാപിറ്റൽ ലെറ്ററിൽ സ്വന്തം കൈപ്പടയിലെഴുതിയ ഈ ജീവിത കഥ എന്തുകൊണ്ടാണ് പൂർത്തീകരിക്കാത്തതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു- 'ഇപ്പോൾ നിങ്ങൾ കാണുന്നത് മങ്ങിക്കിടക്കുന്ന അറ്റ്ലസാണ്. അത് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരും.
അതിന് ശേഷമായിരിക്കും ഈ ജീവിത കഥ പൂർത്തീകരിക്കുക. അല്ലെങ്കിൽ, ഈ ഡയറിക്കുറിപ്പ് പൂർണമാവില്ല'. ഈ ആത്മകഥ എഴുതിപ്പൂർത്തീകരിക്കാതെ, ഇത് സിനിമയാക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് രാമചന്ദ്രൻ മടങ്ങിയത്.
2015ൽ ജയിലിൽ കിടക്കുമ്പോഴാണ് അദ്ദേഹം പഴയ ഓർമകൾ പൊടിതട്ടിയെടുത്ത് ജീവിതകഥ എഴുതിത്തുടങ്ങിയത്. ജയിൽ വാസം ഒന്നര വർഷം പിന്നിട്ടപ്പോഴാണ് നേരംപോക്കിനായി എഴുത്തിലേക്ക് കടന്നത്. പുസ്തകമാക്കാൻ ടൈപ്പിങ്ങിന് പോകുമ്പോൾ അക്ഷരത്തെറ്റുണ്ടാവരുതെന്ന് നിർബന്ധമുള്ളതിനാൽ സ്വന്തം കൈപ്പടയിൽ കാപിറ്റൽ ലെറ്ററിലായിരുന്നു എഴുത്ത്. സ്വന്തം നാടായ തൃശൂരിനെ വർണിച്ച് തുടങ്ങുന്ന ഡയറിയിൽ കുട്ടിക്കാലത്തെ ഓർമകളും പഠനവും ബാങ്ക് ജോലിയും കുവൈത്തിൽ അറ്റ്ലസ് തുടങ്ങിയതും ബിസിനസ് വളർച്ചയും ജയിൽ ജീവിതവുമെല്ലാം വരച്ചിടുന്നു.
ഇരുളും വെളിച്ചവും എന്നായിരുന്നു ആദ്യം പേരിടാൻ ആലോചിച്ചത്. പിന്നീട് ഗ്ലിറ്റർ ഓഫ് ഗോൾഡ്, ഗ്ലാമർ ഓഫ് ലൈഫ് തുടങ്ങിയ പേരുകളും പരിഗണിച്ചു. എന്നാൽ, അന്തിമ പേര് തീരുമാനിക്കാതെയാണ് മടക്കം. അറ്റ്ലസിന്റെ തകർച്ചയെ കുറിച്ച് ഇനിയും ലോകം അറിയാത്ത കഥകൾ ഈ രചനയിലുണ്ടാകുമെന്ന്
കരുതുന്നു. ഈ കഥ സിനിമയാക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇത് പൂർത്തിയാകുമ്പോൾ സിനിമയിൽ ഏറ്റവും തിളങ്ങിനിൽക്കുന്ന താരം തന്റെ വേഷം അണിയണമെന്നായിരുന്നു ആഗ്രഹം.
'പോസിറ്റിവ് എനർജിയുടെ കേന്ദ്രം'
പോസിറ്റിവ് എനർജിയുടെ കേന്ദ്രമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ചിരിച്ച മുഖത്തോടെയല്ലാതെ അദ്ദേഹത്തെ ഓർമിക്കാൻ കഴിയുന്നില്ല. ഏതൊരു തകർച്ചയിൽ നിന്നും തിരിച്ചുവരാൻ കഴിയുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. അറ്റ്ലസ് വീണ്ടും തുടങ്ങണമെന്നും പഴയ സാമ്രാജ്യം കെട്ടിപ്പടുക്കണമെന്നുമുള്ള ആഗ്രഹം ഉടലെടുത്തതും ഈ ആത്മവിശ്വാസത്തിന്റെ തെളിവാണ്. ഈ ലക്ഷ്യത്തിലേക്ക് അദ്ദേഹത്തിന് വഴികാണിക്കാൻ ഞാൻ ഉൾപ്പെടെയുള്ളവർ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സൗദിയിൽനിന്നുള്ള നിക്ഷേപകരെ അദ്ദേഹവുമായി ബന്ധപ്പെടുത്തിക്കൊടുത്തിരുന്നു. അതിന്റെ തുടർചർച്ചകൾ നടക്കാനിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്.
ജയിലിൽനിന്നിറങ്ങിയ സമയത്ത് പൊതുപരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം മടികാണിച്ചിരുന്നു. ബഷീർ തിക്കൊടി അദ്ദേഹത്തിന്റെ വീട്ടിൽ ഒരുക്കിയ നോമ്പുതുറയിലൂടെയാണ് രാമചന്ദ്രൻ സാർ വീണ്ടും പൊതുസമൂഹത്തിലേക്ക് ഇറങ്ങി തുടങ്ങിയത്. അദ്ദേഹത്തെ കുറിച്ച് ഞാൻ ചെയ്ത വീഡിയോയുടെ താഴെയുള്ള കമന്റുകൾ വായിച്ചാൽ മനസിലാകും അറ്റ്ലസ് രാമചന്ദ്രൻ ജനകോടികൾക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന്. അദ്ദേഹത്തിന് എല്ലാവിധ പിന്തുണയുമർപ്പിക്കുന്നതായിരുന്നു ഭൂരിപക്ഷം കമന്റുകളും. ഐ.പി.എയുടെ പരിപാടികളിൽ പരമാവധി അദ്ദേഹത്തെ എത്തിക്കാൻ ശ്രമിച്ചു. തകർച്ചയിൽനിന്ന് സെലിബ്രിറ്റി മൂഡിലേക്ക് അദ്ദേഹത്തെ തിരിച്ചെത്തിച്ചത് ഇത്തരം പരിപാടികളാണ്. ജയിലിൽ കിടക്കുമ്പോഴും തന്നെ ചതിച്ചത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ആ സത്യം അദ്ദേഹത്തിനൊപ്പം മണ്ണടിയുന്നു. മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം സ്വയം പഴിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.
അനുഭവങ്ങളുടെ വെളിച്ചത്തിൽ ചില ഉപദേശങ്ങളും നൽകിയിരുന്നു. ബിസിനസിൽ എപ്പോഴും ശ്രദ്ധവേണം, ബാങ്കിനെയും വായ്പകളെയും ആശ്രയിക്കരുത്, എല്ലാം മാനേജർമാർക്ക് വിട്ടുകൊടുക്കരുത് തുടങ്ങിയവ അദ്ദേഹത്തിന്റെ സ്നേഹോപദേശങ്ങളിൽപെടുന്നു. വീട്ടിൽ എപ്പോൾ പോയാലും ഉന്മേഷത്തോടെ നല്ല വസ്ത്രങ്ങളണിഞ്ഞേ അദ്ദേഹത്തിനെ കണ്ടിട്ടുള്ളൂ. ഇനി ആ ചിരിയും ഉന്മേഷവും കാണാനാവില്ല എന്നത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.