മിഠായിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; യാത്രക്കാരൻ ദുബൈ എയർപോർട്ടിൽ പിടിയിൽ
text_fieldsദുബൈ: കരടിക്കുഞ്ഞുങ്ങളുടെ ആകൃതിയിലുള്ള കാൻഡി, ഇ-സിഗരറ്റ്, ക്യാപ്സൂൾ എന്നിവയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തി. ദുബൈ എയർപോർട്ടിലെത്തിയ യാത്രക്കാരൻ സംശയാസ്പദമായ നിലയിൽ പെരുമാറുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. യാത്രക്കാരനെ തടഞ്ഞുനിർത്തി ഇൻസ്പെക്ടർമാർ ഇയാളുടെ ഹാൻഡ്‌ബാഗും ലഗേജും സ്‌കാൻ ചെയ്തപ്പോൾ മയക്കുമരുന്നുകൾ മിഠായിയിൽ കലർത്തിയും ബാക്കി ഇ-സിഗരറ്റ് ഫിൽട്ടറുകളിൽ ഒളിപ്പിച്ച നിലയിലും കണ്ടെത്തിയെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപറേഷൻസ് ഡയറക്ടർ ഇബ്രാഹിം അൽ കമാലി പറഞ്ഞു.
കസ്റ്റംസ് ഇൻസ്പെക്ടർമാർ യാത്രക്കാരനോട് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടോ എന്ന് ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ഉത്തരം. തുടർന്ന് ലഗേജുകൾ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ലഹരിമരുന്ന് ചേർത്ത കാന്‍ഡിയും ഇ–സിഗരറ്റും കണ്ടെത്തുകയായിരുന്നു. 158 ഇ–സിഗരറ്റുകളിൽ നിന്ന് 2.02 കിലോയും കാൻഡിയിൽനിന്ന് 1.57 കിലോയും 20 കാപ്സ്യൂളുകളില്‍ നിന്ന് 13.21 ഗ്രാം ലഹരിമരുന്നുമാണ് കണ്ടെടുത്തതെന്ന് ടെർമിനൽ 3 ആക്ടിങ് മാനേജർ ഖലീഫ ബിൻ ഷാഹിൻ പറഞ്ഞു. കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ തുടർ നിയമനടപടികൾക്ക് അധികൃതർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.