നിലപാടുകൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിച്ചാവരുത് -പ്രമോദ് രാമൻ
text_fieldsഅബൂദബി: മാധ്യമങ്ങളെ ചോദ്യം ചെയ്യാനും വിലയിരുത്താനും പ്രേക്ഷകർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അതേസമയം നിലപാടുകൾ സ്വീകരിക്കുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിച്ചാവരുതെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ. അബൂദബി കെ.എം.സി.സി സംഘടിപ്പിച്ച ‘വാർത്ത തലക്കെട്ടുകൾ, സൃഷ്ടിയും അവതരണവും’ എന്ന മീഡിയ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുമ്പോൾ തെളിവ് കൂടി ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത കൂടി കാണിക്കണം. അധികാര മേഖലയിലുള്ളവർ അസഹിഷ്‌ണുക്കൾ ആവുമ്പോൾ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളുടെ പ്രതിപക്ഷ ശബ്ദം എന്ന നിലയിൽ തിരിച്ചു ചോദ്യങ്ങൾ ഉന്നയിക്കുന്ന ജനത മലയാളികൾ ആണെന്ന് മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരൻ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങളുടെ പരിഹാരം നീതിയാണ്. അതുകൊണ്ട് തന്നെ നീതി പുലരുകയേ നിർവാഹമുള്ളൂ. ബാബരി മസ്ജിദ് ചർച്ചയായപ്പോൾ ഷാനി നിലപാട് വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മുഖേന പടച്ചുവിടുന്ന വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് ഉണ്ടാവുമെന്നും കരുതിയിരിക്കണമെന്നും 24 ന്യൂസ് എഡിറ്റർ ഹാഷ്‌മി താജ് ഓർമിപ്പിച്ചു.
ചോദ്യങ്ങൾ വിലക്കുന്ന ഭരണകൂടങ്ങൾ അസഹിഷ്ണുതയുടെ കെട്ട കാലമാണ് ജനതക്ക് നൽകുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി. സുരേഷ്‌കുമാർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും വിശ്വാസവും കൂടിക്കലരുമ്പോൾ ജനാധിപത്യം തകരുമെന്നും മാനവികത നിലനിർത്തുന്നതിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നിർണായക പങ്ക് വഹിക്കാനുണ്ടെന്നും മാതൃഭൂമിയിലെ മാതു സജി പറഞ്ഞു. അബൂദബി കെ.എം.സി.സി പ്രസിഡന്‍റ് ഷുക്കൂറലി കല്ലിങ്ങൽ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.