‘ഓഗ്മെന്റഡ് റിയാലിറ്റി’യിൽ തെളിഞ്ഞ് ഖോർഫുക്കാന്റെ പോരാട്ടചരിത്രം
text_fieldsഷാർജ: യു.എ.ഇയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ട ഖോർഫുക്കാന്റെ പോരാട്ട ചരിത്രം ഇനി നൂതന സാങ്കേതികവിദ്യയുടെ സഹായത്തിൽ അനുഭവിച്ചറിയാം. ഷാർജ മ്യൂസിയം അതോറിറ്റിയും ഷാർജ എന്റർപ്രണർഷിപ് സെന്ററും ചേർന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് ചരിത്രം മനസ്സിലാക്കാൻ സംവിധാനമൊരുക്കിയത്. ദ അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയയുടെ ‘2023ലെ മികച്ച അറബ് വിനോദസഞ്ചാര നഗരം’ എന്ന അവാർഡ് നേടിയ ഖോർഫക്കാനിൽ യു.എ.ഇ സാംസ്കാരിക, യുവജന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
1507ൽ ഖോർഫക്കാനിൽ പോർചുഗീസ് അധിനിവേശമുണ്ടായപ്പോഴാണ് ശക്തമായ ചെറുത്തുനിൽപ് തദ്ദേശീയരിൽനിന്നുണ്ടായത്. ഇതിന്റെ സ്മാരകമെന്നനിലയിലാണ് ഖോർഫക്കാനിൽ ‘റസിസ്റ്റനസ് സ്മാരകം’ നിർമിച്ചത്. ഓരോ വർഷവും നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടെ സ്മാരകത്തിന്റെ പിന്നിലെ ചരിത്രം ഓരോ സന്ദർശകനും മനസ്സിലാക്കാൻ കഴിയുന്നതരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്. ആർട്ടിഫിഷൽ ഇന്റലിജൻസ് ഗേസ് സാങ്കേതികവിദ്യയും ഏറ്റവും പുതിയ എ.ആർ ഫൗണ്ടേഷൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് വികസിപ്പിച്ചത്. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രചിച്ച പുസ്തകത്തെ ആസ്പദമാക്കി നിർമിച്ച ഖോർഫക്കാനെ കുറിച്ച സിനിമയിലെ കഥാപാത്രമാണ് പദ്ധതിയിൽ ചരിത്രം വിവരിക്കുന്നത്.
ഷാർജ മ്യൂസിയം അതോറിറ്റി ഡയറക്ടർ ജനറൽ മനാൽ അതായ, എന്റർപ്രണർഷിപ് സെന്റർ സി.ഇ.ഒ ഡോ. നജ്ല അൽ മിദ്ഫ തുടങ്ങി നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. മ്യൂസിയത്തിന്റെ വളർച്ചക്കും കൂടുതൽ നൂതനമായ പദ്ധതികൾ വികസിപ്പിക്കുന്നതിനും പദ്ധതി പ്രചോദനമാകുമെന്നും പ്രദർശനങ്ങൾക്കും ഗവേഷണ സംരംഭങ്ങൾക്കും മുതൽക്കൂട്ടാവുമെന്നും ഡയറക്ടർ ജനറൽ മനാൽ അതായ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.