60,000 കൊല്ലത്തെ ചരിത്രം പറയാൻ ആസ്ട്രേലിയ പവലിയൻ
text_fieldsദുബൈ: വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും പേറുന്ന മണ്ണാണ് ആസ്ട്രേലിയ. ചിരപുരാതനമായ ചരിത്രവും സാംസ്കാരിക പ്രത്യേകതകളുമുള്ള നാടിനെ ശരിയായരീതിയിൽ പ്രതിനിധാനംചെയ്യുന്ന പവലിയനാണ് ആസ്ട്രേലിയ എക്സ്പോ 2020 ദുബൈയിൽ ഒരുക്കുന്നത്. ഇരുണ്ട പ്ലാനിറ്റേറിയത്തിനകത്ത് ആസ്വാദകരുടെ കണ്ണുകളെ അതിശയിപ്പിക്കുന്ന ചിത്രവിസ്മയങ്ങളോടെ 60,000 കൊല്ലത്തെ ചരിത്രം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 'നീലാകാശ സ്വപ്നം' എന്ന തലക്കെട്ടിലാണ് പവലിയൻ ഒരുക്കിയിട്ടുള്ളത്. മേഘങ്ങൾ പോലെയുള്ള നിർമിതിയാണ് ഇതിെൻറ മേൽക്കൂര. വ്യത്യസ്ത നീളത്തിൽ പൊടിയിൽ പൊതിഞ്ഞ അലുമിനിയം ബ്ലേഡുകൾ യോജിപ്പിച്ചാണ് മേൽക്കൂര പണിതിട്ടുള്ളത്. ആസ്ട്രേലിയയിലെ ബഹുസാംസ്കാരികതയെ പ്രതിനിധാനംചെയ്യുന്നതാണ് ഇതിലെ മേഘമേലാപ്പ് എന്നാണ് രൂപകൽപന ചെയ്തവർ അവകാശപ്പെടുന്നത്.
രാത്രിയിൽ നിറങ്ങളിൽ പൊതിയുന്ന മേലാപ്പ് കാഴ്ചക്കാർക്ക് ആശ്ചര്യകരമായ അനുഭവമായിരിക്കും സമ്മാനിക്കുക. സാമൂഹികമായും സാംസ്കാരികമായും ബൗദ്ധികമായും കരുത്തുറ്റ രാജ്യമാണ് തങ്ങളുടേതെന്ന് പവലിയിൻ വിളിച്ചുപറയും. ആകെ 3552 സ്ക്വയർ മീറ്റർ വിസ്താരത്തിലാണ് മൊബിലിറ്റി ഡിസ്ട്രിക്ടിലെ പവലിയൻ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിെൻറ സാധ്യതകളും അഭിലാഷങ്ങളും ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും സന്ദർശകരെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അനുഭവം പവലിയനിൽ ലഭിക്കും.
വൈഫൈ മുതൽ വിമാനങ്ങളിൽ റെക്കോഡിങ്ങിന് ഉപയോഗിക്കുന്ന ബ്ലാക്ക് ബോക്സ് വരെ രാജ്യത്തെ കണ്ടുപിടുത്തങ്ങൾ പവലിയനിൻ പ്രദർശനത്തിെൻറ ഭാഗമായി വരുമെന്ന് എക്സ്പോയിലെ ആസ്ട്രേലിയൻ കമീഷണർ ജനറൽ ജസ്റ്റിൻ മക്ഗോവൻ മാധ്യമങ്ങളോട് പറഞ്ഞു. അവിശ്വസനീയമാംവിധം നൂതനവും ബുദ്ധിപരവുമായ ഒരു രാജ്യമാണ് ആസ്ട്രേലിയ. ആരോഗ്യമേഖലക്ക് സംഭാവന ചെയ്യുന്ന ത്രീഡി പ്രിൻറഡ് ബ്രെയിൻ മാറ്റർ ഞങ്ങൾ പ്രദർശിപ്പിക്കുന്നു.
ലോകം ഇതിനകം അറിഞ്ഞതും അറിയാത്തതുമായ സുസ്ഥിരതയിലും കൃഷിയിലും ഉൾപ്പെട്ട പുതുമകൾ പ്രദർശിപ്പിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിലെ ആസ്ട്രേലിയയുടെ ഏറ്റവും വലിയ നിക്ഷേപ പങ്കാളിയാണ് യു.എ.ഇയെന്ന് പവലിയൻ ഡെപ്യൂട്ടി കമീഷണർ ജനറൽ മൗനിർ ഷൻകാരി പറഞ്ഞു. യു.എ.ഇയുടെ നിക്ഷേപം 12 ബില്യൺ ഡോളറാണ്. എക്സ്പോയിലെ വാണിജ്യ പ്രദർശനങ്ങളിൽ സാങ്കേതികവിദ്യ, പുതിയ ഊർജം, ആരോഗ്യം, ഭക്ഷണം, കാർഷിക ബിസിനസ്, ജല മാനേജ്മെൻറ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസ്ട്രേലിയൻ ആഘോഷങ്ങളും സംഗീതവും പരിചയപ്പെടാനും ഇവിടെ സൗകര്യമുണ്ടാകും. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ ഘട്ടങ്ങളിൽ പവലിയനിൻ എത്തിച്ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.