കനത്ത ചൂടിൽ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവുമായി അധികൃതർ
text_fieldsഷാർജ: ചൂട് കനക്കുന്നതിനിടെ രാജ്യത്ത് തൊഴിലാളികൾക്ക് ബോധവത്കരണവും സഹായ വിതരണവുമായി അധികൃതർ പ്രവർത്തനം സജീവമാക്കി. ഷാർജ അൽ ഹംരിയ പ്രദേശത്തെ 600 തൊഴിലാളികൾക്ക് ഭക്ഷണം, സമ്മാനങ്ങൾ, സാനിറ്ററി ഉപകരണങ്ങൾ, വെള്ളം, ജ്യൂസ് എന്നിവ അധികൃതർ വിതരണം ചെയ്തു. അതോടൊപ്പം സൂര്യാഘാതം അടക്കമുള്ള വിവിധ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നത് സംബന്ധിച്ച് ബോധവത്കരണവും നൽകുന്നുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റിയുടെ ഷാർജ സെന്ററിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. തൊഴിലാളികളുടെ ആരോഗ്യ പരിശോധനയും പദ്ധതിയുടെ ഭാഗമായി നടന്നിട്ടുണ്ട്. പദ്ധതി ജൂലൈ മാസം അവസാനംവരെ എമിറേറ്റിലെ വിവിധ മേഖലകളിലായി തുടരുമെന്നും അധികൃതർ അറിയിച്ചു.
എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ദുബൈ സെന്ററും വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ദുബൈ ഹെൽത്ത് അതോറിറ്റിയുമായും നൂർ ദുബൈ ഫൗണ്ടേഷനുമായും സഹകരിച്ച് ‘ആരോഗ്യദിനം’ ആചരിക്കുകയും ചെയ്തു. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ചൂട് കനത്തു തുടങ്ങിയതോടെ പുറം ജോലികൾ ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രാജ്യത്ത് തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്.
ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെയാണ് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാൻ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. 20 വർഷമായി തുടർച്ചയായി വേനൽക്കാലത്ത് രാജ്യത്ത് നിയമം നടപ്പിലാക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ അപകടങ്ങളിൽനിന്നും പരിക്കുകളിൽനിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നത് ലക്ഷ്യം വെച്ചാണ് നിയമം നടപ്പിലാക്കുന്നത്. ഈ നിയമം പാലിക്കുന്നുണ്ടോയെന്നതും അധികൃതർ പരിശോധിച്ചു വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.