പെയ്തൊഴിയാതെ മഴ; തുടരുമെന്ന് അധികൃതർ
text_fieldsദുബൈ: യു.എ.ഇയിൽ വെള്ളിയാഴ്ച ആരംഭിച്ച മഴ മൂന്നുദിവസം പിന്നിട്ടിട്ടും നിലക്കാതെ തുടരുന്നു. വരും ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയും ആലിപ്പഴവർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതീക്ഷിക്കാമെന്ന് ദേശീയ കലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രധാനമായും രാജ്യത്തിന്റെ വടക്കൻ മേഖലയിലും കിഴക്കൻ പ്രദേശങ്ങളിലുമാണ് മഴയുണ്ടാവുക.
അസ്ഥിരമായ കാലാവസ്ഥയുടെ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയും പിന്നീട് ചെറിയ മഴയുമായിരിക്കും ലഭിക്കുക. രാജ്യത്ത് മുഴുവൻ ഭാഗങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും അപകടകരമായ സ്ഥലങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറേബ്യൻ കടലിലും ഒമാൻ കടലിലും തിരകൾ ഉയരാനുള്ള സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.
അതിനിടെ മൂന്നുദിവസത്തെ മഴയിലൂടെ രാജ്യത്ത് ഒന്നര വർഷം ലഭിക്കുന്ന ശരാശരി മഴ ലഭിച്ചതായി കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഒരുവർഷം ശരാശരി 100 മില്ലിമീറ്റർ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തുന്നത്. എന്നാൽ, ഡിസംബർ 30 മുതൽ ദുബൈയിലെ സെയ്ഹ് അൽ സലാമിൽ മാത്രം 141.8 മി.മീറ്റർ മഴ ലഭിച്ചു.
അൽ ഖുദ്റ തടാകം, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക്, ബാബുൽ ശംസ് ഡെസേർട് റിസോർട് എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. അൽ ഐനിലെ സെയ്ഹാനിൽ 70 മി.മീറ്ററും ശുവൈബിൽ 68 മി.മീറ്റർ മഴയും ലഭിച്ചിട്ടുണ്ട്. റാസൽഖൈമയിലെ ശൗഖയിൽ 64.4 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
അതിനിടെ മഴയെ തുടർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നേരിയ ഗതാഗത തടസ്സം നേരിട്ടു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഞായറാഴ്ചത്തെ വെടിക്കെട്ടും മോശം കാലാവസ്ഥ കാരണം മാറ്റിവെച്ചു.
മഴകാരണം അടച്ച ചില റോഡുകൾ പിന്നീട് തടസ്സങ്ങൾ നീക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു.
ഷാർജയിലെ താൽക്കാലികമായി അടച്ച മലീഹ റോഡ് ഞായറാഴ്ച രാവിലെയോടെ തുറന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.