പരിഹാരത്തിന് യോജിച്ച നീക്കവുമായി അധികൃതർ
text_fieldsദുബൈ: ഷാർജ, ദുബൈ എമിറേറ്റുകളിൽ ചില സമയങ്ങളിൽ രൂപപ്പെടുന്ന ട്രാഫിക് കുരുക്ക് പരിഹരിക്കാൻ ശ്രമവുമായി അധികൃതർ. ജനസാന്ദ്രതയേറിയ സ്കൂൾ പ്രദേശങ്ങളിൽ പ്രശ്നം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപന അധികൃതരുമായി ചേർന്നാണ് പ്രശ്നത്തിന് പരിഹാരം തേടുന്നത്. ചെറിയ ദൂരമുള്ള യാത്രകൾക്കുപോലും സ്കൂൾ പ്രദേശങ്ങളിൽ ചില നേരങ്ങളിൽ മണിക്കൂറുകളാണ് എടുക്കുന്നത്. ഇതേ തുടർന്ന് രക്ഷിതാക്കളും മറ്റും പരാതിയുമായി രംഗത്തെത്തിയിരുന്നു. എല്ലാ സ്കൂളുകളും ഒരേസമയം വിടുന്നതാണ് തിരക്കിന് പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. റമദാനിൽ പ്രശ്നം രൂക്ഷവുമാണ്.
ഷാർജയിൽ മുവൈല പോലുള്ള സ്ഥലങ്ങളിലാണ് ട്രാഫിക് തിരക്ക് രൂപപ്പെടാറുള്ളത്. ഇവിടെ അമ്പതിനായിരത്തോളം വിദ്യാർഥികൾക്കായി 23 സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഉച്ച ഒന്നിനും ഒന്നരക്കുമിടയിൽ ഈ സ്കൂളുകൾ വിടുന്നതോടെ മേഖലയിൽ വൻ തിരക്ക് രൂപപ്പെടും. സ്കൂൾ ബസുകൾ ചെലവേറിയതിനാൽ പല രക്ഷിതാക്കളും സ്വന്തം വാഹനങ്ങളിലെത്തിയാണ് കുട്ടികളെ കൊണ്ടുപോകുന്നത്. അതിനാൽ സ്കൂൾ പരിസരം വാഹനങ്ങളാൽ നിറയുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാനായി ഷാർജ പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി എന്നിവർ സംയുക്ത യോഗം ചേർന്നിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് കൂടുതൽ സേനയെ നിയമിച്ച് ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഷാർജ പൊലീസ് വൃത്തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
ദുബൈയിൽ ധാരാളം സ്കൂളുകളുള്ള ഖിസൈസ് അടക്കമുള്ള സ്ഥലങ്ങളിലാണ് തിരക്കുള്ളത്. ഇവിടെ സ്കൂൾ മേധാവികൾ വിഷയം ചർച്ച ചെയ്ത് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), വിദ്യഭ്യാസ വകുപ്പായ കെ.എച്ച്.ഡി.എ എന്നിവയുടെ അധികൃതരെ വിഷയം ധരിപ്പിച്ചിട്ടുണ്ട്. വിശദമായ ട്രാഫിക് മാനേജ്മെന്റ് പഠനം നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.