സ്കൂൾ ബസുകളിൽ തീയണക്കാൻ സ്വയംനിയന്ത്രിത സംവിധാനം
text_fieldsദുബൈ: ദുബൈ ടാക്സി കോർപറേഷന്റെ (ഡി.ടി.സി) സ്കൂൾ ബസുകളിലും ടാക്സികളിലും സ്വയംനിയന്ത്രിത അഗ്നിരക്ഷ ഉപകരണം ഘടിപ്പിച്ചു.
കടുത്ത ചൂടിൽ വാഹനത്തിന്റെ എൻജിന് തീപിടിച്ചാൽ സ്വയം പ്രവർത്തിച്ച് തീയണക്കാൻ കഴിയുന്നവിധമാണ് ഉപകരണത്തിന്റെ രൂപകൽപന. ഇത് പ്രവർത്തിപ്പിക്കാൻ മനുഷ്യ ഇടപെടൽ ആവശ്യമില്ല. വാഹനത്തിൽ തീപിടിത്തം ഉണ്ടായ ഭാഗം സ്വയം കണ്ടെത്തി ആ ഭാഗത്തേക്ക് പ്രത്യേക ട്യൂബ് ഉപയോഗിച്ച് തീ അണക്കുന്നതിനുള്ള രാസവസ്തു സ്പ്രേ ചെയ്യും. ഇതുവഴി നിമിഷനേരംകൊണ്ട് തീ അണക്കാനാകും.
തുടക്കത്തിൽ 4459 ടാക്സികളിലും 953 സ്കൂൾ ബസുകളിലുമാണ് ഉപകരണം ഘടിപ്പിച്ചിട്ടുള്ളത്. മുഴുവൻ വാഹനങ്ങളിലും പുതിയ സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡി.ടി.സി അസറ്റ് മാനേജ്മെന്റ് ഡയറക്ടർ നാസർ മുഹമ്മദ് അൽഹാജ് പറഞ്ഞു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ആസ്തികളുടെ സംരക്ഷണവും മുൻനിർത്തിയാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ചൂട് കൂടുന്ന സാഹചര്യത്തിൽ യു.എ.ഇയിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവുകാഴ്ചയാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനൊപ്പം യാത്ര ചെയ്യുന്നവരുടെ ജീവനും ഇത് ഭീഷണിയായിരുന്നു. പുതിയ സംവിധാനം ഒരുക്കുന്നതോടെ തീപിടിത്തങ്ങൾ വഴിയുള്ള അപകടങ്ങൾ ഇല്ലാതാക്കാമെന്നാണ് പ്രതീക്ഷ.
ഡ്രൈവറുടെ സഹായമില്ലാതെ സ്വയം പ്രവർത്തിക്കുന്നതിനാൽ സ്കൂൾ ബസുകളിൽ വിദ്യാർഥികളുടെ സുരക്ഷയുടെ വിഷയത്തിൽ പുതിയ സംവിധാനം വലിയ സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.