സംരംഭകത്വ പാഠങ്ങൾ പകരാൻ അവെലോ റോയ്
text_fieldsദുബൈ: 19ാം വയസ്സിൽ സംരംഭകനായി അരങ്ങേറ്റം, 22ാം വയസ്സിൽ ദശലക്ഷം ഡോളറിന്റെ ബിസിനസ് നേട്ടം.. അവെലോ റോയ് എന്ന കൊൽക്കത്തയിലെ വിഖ്യാതനായ ടെക് സംരംഭകന്റെ മുന്നേറ്റം തുടങ്ങുന്നതിങ്ങനെയാണ്. ഇന്നിപ്പോൾ നിക്ഷേപകൻ, ടെലിവിഷൻ ഹോസ്റ്റ് എന്നീനിലകളിൽ പ്രസിദ്ധനായ ഇദ്ദേഹം ഇന്ത്യയിലും അമേരിക്കയിലുമടക്കം അഞ്ചു രാജ്യങ്ങളിൽ ബിസിനസ് കെട്ടിപ്പടുത്തു. സംരംഭക മേഖലയിലേക്ക് പ്രവേശിക്കുന്നവർക്ക് എക്കാലവും ഒരു പാഠപുസ്തകമായ റോയ്യുടെ സാന്നിധ്യം ഇത്തവണത്തെ എജൂകഫേയുടെ പ്രധാന സവിശേഷതയാണ്. ലോകത്താകമാനം വിദ്യാഭ്യാസ കാലത്ത് തന്നെ സംരംഭക മേഖലയിലേക്ക് വിദ്യാർഥികൾ പ്രവേശിക്കുന്ന സാഹചര്യം ഇന്നുണ്ട്. ഫേസ്ബുക്ക് അടക്കം ലോകത്തെ ഏറ്റവും വലിയ കമ്പനികളായി ഉയർന്ന സമൂഹമാധ്യമ സംവിധാനങ്ങളിൽ പലതും വിദ്യാർഥി കാലത്തെ ചിലരുടെ ആശയങ്ങളായിരുന്നു. ഏതെങ്കിലും ഒരു തൊഴിലിൽ ഒതുങ്ങിക്കൂടുന്നതിന് പകരം സ്വന്തമായ കമ്പനികൾ കെട്ടിപ്പടുക്കാനുള്ള പുതുതലമുറയുടെ ആവേശം വളരെ ദൃശ്യമാണ്. പലപ്പോഴും സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്നെ എന്റർപ്രണർഷിപ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിലും യു.എ.ഇയിലും സർക്കാർ സംവിധാനങ്ങൾ തന്നെ വിപുലമായ സന്നാഹങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.ഇലക്ട്രോണിക്സ്, ഐ.ടി, ബയോടെക്നോളജി, കോഡിങ്, റോബോട്ടിക്സ്, ആർടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ചെറിയരീതിയിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾ പോലും കുറഞ്ഞ കാലത്തിനിടയിൽ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയരുന്ന സാഹചര്യമുണ്ട്. ഐ.ടി മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഭാഗമായ ആർട്ടിഫിഷൽ ഇൻറലിജൻസ്, റോബോട്ടിക്സ്, ഡീപ് മെഷീൻ ലേണിങ്, ബ്ലോക് ചെയിൻ, ബിഗ് ഡാറ്റ, ക്ലൗഡ് ആൻഡ് ക്വാണ്ടം കമ്പ്യൂട്ടിങ്, സ്പേസ് സയൻസ് തുടങ്ങിയവയിൽ മാത്രം നിരവധി സാധ്യതകളാണ് തുറക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഐ.ടി എക്കോ സിസ്റ്റം രൂപപ്പെടുത്തിയാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ ഈ സാഹചര്യത്തിൽ സംരംഭകരെ സഹായിക്കുന്നത്.
എജൂകഫേയിൽ 'നിങ്ങൾക്കും സംരംഭകനാകാം' എന്ന തലക്കെട്ടിൽ സംസാരിക്കുന്ന അവെലോ റോയ് വിദ്യാർഥികളുമായി പുതിയ കാലത്തെ ഈ മേഖലയിലെ സാധ്യതകളെ കുറിച്ച് പങ്കുവെക്കും. സംരംഭകത്വം ഏറ്റവും സജീവമായി പ്രോത്സാഹിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ പുതുതലമുറക്ക് ഈ സെഷൻ വളരെ ഉപകാരപ്രദമാകും. സംരംഭകത്വ മേഖലയിൽ വ്യത്യസ്തമായി ചിന്തിക്കാനും പരമ്പരാഗത ശൈലികൾ മാറ്റിസഞ്ചരിക്കാനും പ്രേരിപ്പിക്കുന്ന പ്രഭാഷണമായിരിക്കും ഇദ്ദേഹത്തിന്റേത്. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും കവയിത്രിയുമായിരുന്ന സരോജിനി നായിഡുവിന്റെ പ്രപൗത്രനായ അവെലോ, നിലവിൽ കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഇൻകുബേറ്റർ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ്. 150ലേറെ അവാർഡുകൾ കരസ്ഥമാക്കിയ ഇദ്ദേഹത്തെ കുറിച്ച സ്റ്റോറികൾ ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനങ്ങൾ ഏറെയുള്ള ഗൾഫിലെ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും അവെലോ റോയ്യുടെ സെഷൻ. ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ നടക്കുന്ന മേളയിൽ പങ്കെടുക്കാൻ myeducafe.com വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.