കരുത്താർജിച്ച് വ്യോമഗതാഗത മേഖല
text_fieldsദുബൈ: മിഡിലീസ്റ്റിലെ വ്യോമഗതാഗത മേഖല കൂടുതൽ കരുത്താർജിക്കുന്നു. അടുത്ത വര്‍ഷം ഗള്‍ഫ് വിമാന യാത്രക്കാരുടെ എണ്ണം 42.9 കോടിയിലെത്തുമെന്ന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ (എ.സി.ഐ) റിപ്പോര്‍ട്ട് ചെയ്തു.
കോവിഡിനുശേഷമുള്ള വിമാനയാത്രക്കാരുടെ പൂർണമായ വീണ്ടെടുക്കലായാണ് 2024 വര്‍ഷം വിലയിരുത്തുന്നത്. 2019 നേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 105.4 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനുശേഷം ഗള്‍ഫ് നാടുകളിലെ വിനോദസഞ്ചാര മേഖലയില്‍ വലിയ ഉണർവ് പ്രകടമാണ്. പ്രധാനമായും യു.എ.ഇയില്‍ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടായി. ആഗോളതലത്തില്‍ വിമാനയാത്രക്കാരുടെ എണ്ണം 940 കോടിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2019ല്‍ ഇത് 920 കോടിയായിരുന്നു. അതേസമയം കോവിഡിന് മുമ്പ് 2024ലെ ആഗോള വിമാനയാത്രക്കാരുടെ എണ്ണം 1090 കോടിയെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എ.സി.ഐ വേള്‍ഡ് ഡയറക്ടര്‍ ജനറല്‍ ലൂയിസ് ഫെലിപെ ഡി ഒലിവേര പറഞ്ഞു.
അടുത്തവര്‍ഷം ലോകത്തെല്ലായിടവും മഹാമാരിക്ക് മുമ്പുള്ള യാത്രാസംവിധാനത്തിലേക്ക് തിരികെയെത്തും. മഹാമാരിയില്‍ നിന്നും അതിവേഗത്തില്‍ വീണ്ടെടുക്കപ്പെട്ട വിപണിയാണ് മിഡിലീസ്റ്റിലേത്. ഈ വര്‍ഷം 39.4 കോടി വിമാനയാത്രക്കാരെയാണ് ഗള്‍ഫ് നാടുകള്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ മേഖലയിലെ യാത്രക്കാരുടെ തിരക്ക് 10.7 കോടിയായിരുന്നു. അവസാനപാദത്തില്‍ ഇതില്‍ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സൗദി അറേബ്യക്കും യു.എ.ഇക്കുമിടയില്‍ കൂടുതല്‍ പുതിയ വിമാനറൂട്ടുകളും മറ്റും തുറക്കുന്നതിലൂടെ മിഡിലീസ്റ്റിലുടനീളം യാത്രക്കാരുടെ തിരക്ക് കൂടും. അതാണ് അടുത്തവര്‍ഷം വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.