വ്യോമയാന മേഖലയിൽ ഉണർവ്; എയർപോർട്ട് മേളക്ക് സമാപനം
text_fieldsദുബൈ: വിമാനത്താവള സംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ പ്രദർശന പരിപാടിയായ ദുബൈ എയർപോർട്ട് ഷോക്ക് പരിസമാപ്തി. ചൊവ്വാഴ്ച മുതൽ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിച്ച മേളയിലേക്ക് പ്രതീക്ഷിച്ചതിലുമേറെ സന്ദർശകരാണ് ഇത്തവണ ഒഴുകിയെത്തിയത്. കോവിഡാനന്തരം ലോകത്തെ വ്യോമയാന മേഖല കൈവരിച്ച ഉണർവ് പ്രകടമാകുന്നതായിരുന്നു സജീവമായ പങ്കാളിത്തം.
മൂന്നുദിവസത്തെ പരിപാടിയിൽ വ്യോമയാന വ്യവസായ മേഖലയിലെ ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കപ്പെട്ടു. 20ലധികം രാജ്യങ്ങളിൽ നിന്നായി 150ലധികം പ്രദർശകർ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തിയ മേളയിൽ 5000ലധികം എയർപോർട്ട് പ്രഫഷനലുകൾ പങ്കെടുത്തു.
ഇത്തവണ മേളക്കെത്തിയ മിക്ക പ്രദർശകരും അടുത്ത വർഷത്തെ പങ്കാളിത്തവും ഉറപ്പിച്ചാണ് മടങ്ങിയത്. ആറുമാസത്തിനിടെ ലോകമെമ്പാടും യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ എയർപോർട്ട് രംഗത്തെ ഇടപാടുകൾക്ക് മികച്ച അവസരമാണ് മേള സമ്മാനിച്ചതെന്ന് പങ്കെടുത്തവർ പ്രതികരിച്ചു.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റും ദുബൈ വിമാനത്താവള ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ആഗോള വ്യോമയാന വ്യവസായത്തെ ഉത്തേജിപ്പിക്കൽ അനുയോജ്യമായ സമയത്താണ് എയർപോർട്ട് ഷോ വന്നെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ എയർപോർട്സ്, ദുബൈ പൊലീസ്, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ഡി.എൻ.എ.ടി.എ (എമിറേറ്റ്സ് എയർലൈനിന്‍റെയും ഗ്രൂപ്പിന്‍റെയും ഭാഗം), ദുബൈ ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ട്, ഗ്ലോബൽ എയർ നാവിഗേഷൻ സർവിസസ്, ദുബൈ എയർ നാവിഗേഷൻ സർവിസസ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. എയർപോർട്ട് ഷോയുടെ 21ാമത് എഡിഷനാണ് ഇത്തവണ അരങ്ങേറിയത്.
ഗ്ലോബൽ എയർപോർട്ട് ലീഡേഴ്‌സ് ഫോറത്തിന്‍റെ ഒമ്പതാമത് എഡിഷനും പരിപാടിയോടനുബന്ധിച്ച് നടന്നു.ലോകമെമ്പാടുമുള്ള 40ലധികം വ്യോമയാന, എയർപോർട്ട് രംഗത്തെ പ്രമുഖർ പങ്കെടുത്ത ഫോറത്തിൽ എയർപോർട്ട് നവീകരണവും വികസനവും എയർ ട്രാഫിക് മാനേജ്‌മെന്‍റ്, സുസ്ഥിരത, വിമാനത്താവള സുരക്ഷ എന്നീ വിവിധ വിഷയങ്ങളിൽ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.