ദുബൈയിലെ പാർക്കിങ് പരിശോധന സംവിധാനത്തിന് അവാർഡ്
text_fieldsദുബൈ: എമിറേറ്റിലെ പാർക്കിങ് പരിശോധനക്ക് രൂപപ്പെടുത്തിയ സ്മാർട്ട് സംവിധാനത്തിന് മിഡിൽ ഈസ്റ്റ് ടെക്നോളജി എക്സലൻസ് അവാർഡ്. സ്മാർട്ട് സിറ്റി-ഗവൺമെന്റ് വിഭാഗത്തിലാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുരസ്കാരം നേടിയത്. സുസ്ഥിരത, ഗതാഗതം, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവയിൽ ഏറ്റവും മികവ് പുലർത്തുന്ന സർക്കാർ സംവിധാനത്തിനാണ് അവാർഡ് നൽകിവരുന്നത്.
നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയ പാർക്കിങ് പരിശോധന സംവിധാനമാണ് ആർ.ടി.എ ഉപയോഗിച്ചുവരുന്നത്. ഏറ്റവും നൂതനമായ സെൻസറുകൾ, കാമറകൾ, സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ചാണ് സംവിധാനം വഴി പാർക്കിങ് സോണിലെ വാഹനങ്ങൾ നിരീക്ഷിക്കുന്നത്. പരിശോധനകളുടെ കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് നിർമിത ബുദ്ധി സാങ്കേതികവിദ്യയിലൂടെ എല്ലാ നടപടികളും ഓട്ടോമാറ്റിക് രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ സ്മാർട്ട് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് നടപടികൾ എടുക്കുന്നത്. നിർമിത ബുദ്ധിയുടെ ഉപയോഗം വാഹനപരിശോധനകളുടെ നിരക്ക് 300ശതമാനമെങ്കിലും ഉയർത്തിയിട്ടുണ്ട്. കൃത്യതയും സമയം ലാഭിക്കാനാവുന്നതും സംവിധാനത്തിന്റെ സവിശേഷതകളാണ്. ഗതാഗത രംഗത്ത് ഏറ്റവും നൂതനമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ആർ.ടി.എ അതീവ ശ്രദ്ധയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.