സർക്കാർ ജീവനക്കാർക്ക് 70 ലക്ഷം ദിർഹമിന്റെ പുരസ്കാരം
text_fieldsദുബൈ: സർക്കാർ സേവനങ്ങളിൽ ഉദ്യോഗസ്ഥ ആധിപത്യം കുറക്കാൻ സഹായിക്കുന്ന പദ്ധതികൾ നിർദേശിക്കുന്ന ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥർക്ക് 70 ലക്ഷം ദിർഹമിന്റെ പുരസ്കാരം നൽകുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്.
ഉദ്യോഗസ്ഥ സംഘങ്ങൾ, വ്യക്തികൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം. സർക്കാർ നടപടിക്രമങ്ങൾ ചുരുക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകൾ നിർദേശിക്കുന്നവർക്കും കമ്പനികൾക്കും വ്യക്തികൾക്കും മേലുള്ള നിയന്ത്രണഭാരം കുറക്കുന്നതിനും സഹായിക്കുന്ന പദ്ധതികൾ സമർപ്പിക്കുന്നവരിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഇടപാടുകൾ സുഗമമാക്കുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നതിനൊപ്പം ജനങ്ങളുടെ പരിശ്രമവും സമയവും ലാഭിക്കുകയും ചെയ്യുന്നവരെ ആദരിക്കുകയും അത് ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. യുവാക്കളുടെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭരംഗത്തേക്ക് പ്രവേശിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റ്സ് എന്റർപ്രണർഷിപ് കൗൺസിൽ രൂപവത്കരിക്കുന്നതിനും കാബിനറ്റ് അംഗീകാരം നൽകി. 30 കോടി ദിർഹമിന്റെ സാമ്പത്തിക പിന്തുണയും കൗൺസിലിന് നൽകും. ആലിയ മസ്റൂയി ആണ് കൗൺസിൽ അധ്യക്ഷ. കൂടാതെ ആധുനിക വാസ്തുവിദ്യ പൈതൃകങ്ങളെ സംരക്ഷിക്കുന്നതിന് ദേശീയ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
സാംസ്കാരിക, ദേശീയ, ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ, നഗര സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുകയാണ് കൗൺസിലിന്റെ ദൗത്യം. പദ്ധതിയുടെ ഭാഗമായി നിലവിൽ 130 സ്ഥലങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കുന്നതിനും അംഗീകാരം നൽകി. വരുംവർഷങ്ങളിൽ ഇത് 1000 പ്രദേശങ്ങളായി ഉയർത്തുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.