ഡോ. റാം ബുക്സാനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തും
text_fieldsദുബൈ: അന്തരിച്ച പ്രമുഖ ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തും. ദുബൈയിൽ കഴിഞ്ഞ ആറു പതിറ്റാണ്ട് കാലം വിവിധതലങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ചേർന്ന ഒത്തുചേരലിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഗ്ലോബൽ ബിസിനസ് ഫെഡറേഷൻ മിഡിൽ ഈസ്റ്റ് ചെയർമാൻ ചന്ദ്രശേഖർ ഭാട്ടിയയാണ് പ്രഖ്യാപനം നടത്തിയത്.
ഒത്തുചേരലിൽ സർക്കാർ പ്രതിനിധികളും കുടുംബാംഗങ്ങളും ബുക്സാനിയുടെ സുഹൃത്തുക്കളും പങ്കെടുത്തു. യു.എ.ഇയിലെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരിൽ ഒരാളായിരുന്നു ബുക്സാനിയെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ സമൂഹത്തിന് ഒരു വഴികാട്ടിയെയും മാതൃകയെയും ഉപദേശകനെയുമാണ് നഷ്ടമായത്. യു.എ.ഇയെ തങ്ങളുടെ വീടെന്ന് വിളിക്കുന്ന ഇന്ത്യക്കാരുടെ തലമുറകൾക്ക് അദ്ദേഹം എന്നും പ്രചോദനമായി നിലനിൽക്കും. ബുക്സാനിയുടെ സംരംഭകത്വ മനോഭാവം ദുബൈയുടെ ആത്മാവുമായി പൂർണമായും സമന്വയിച്ചതായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ എട്ടിനാണ് റാം ബുക്സാനി ദുബൈയിൽ അന്തരിച്ചത്. 1959 മുതൽ റാം ബുക്സാനി ദുബൈയിലുണ്ട്. ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാൻ, ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ദുബൈയിലെ ഇന്ത്യൻ വ്യവസായികളുടെ കാരണവരായി കണക്കാക്കുന്ന റാം ബുക്സാനി എഴുത്തുകാരനും നാടക നടനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.