പുരസ്കാര നിറവില്‍ അബൂദബി ഉദ്യാനങ്ങള്‍
text_fieldsഎമിറേറ്റിലെ ജനങ്ങള്‍ക്ക് പരിധികളും പരിമിധികളുമില്ലാത്ത വിനോദോപാധികള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന അതീവ ശ്രദ്ധ ഏറെ പ്രശംസനീയമാണ്. അതില്‍ പ്രധാനമാണ് ലോകോത്തര നിലവാരത്തിലുള്ള പൊതു ഉദ്യാനങ്ങള്‍. ഇപ്പോഴിതാ, അബൂദബിയിലെ 20പൊതു ഉദ്യാനങ്ങള്‍ക്ക് അന്താരാഷ്ട്ര ഹരിത പതാക പുരസ്കാരം ലഭിച്ചിരിക്കുകയാണ്. സമൂഹത്തിന് ഉയര്‍ന്ന നിലവാരമുള്ള സേവനം പ്രദാനം ചെയ്യുന്ന ഉദ്യാനങ്ങള്‍ക്ക് നല്കുന്ന പ്രമുഖ പുരസ്കാരമാണ് അന്താരാഷ്ട്ര ഹരിത പതാക. സന്ദര്‍ശകരെ സ്വീകരിക്കാനുള്ള ഇടം, സുരക്ഷിതത്വം, ശുചിത്വം, സൗകര്യങ്ങളുടെ അറ്റകുറ്റപണികള്‍, സ്ഥിരത, പ്രകൃതിയുടെയും പൈതൃകത്തിന്റെയും സംരക്ഷണം, സമൂഹ പങ്കാളിത്തം, വിപണനം, മികച്ച ഭരണം തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
അല്‍ ബത്തീന്‍ ബീച്ച് പാര്‍ക്ക്, അബൂദബി കോര്‍ണിഷ് ബീച്ച് പാര്‍ക്സ്, ഡെല്‍മ പാര്‍ക്, ഖലീഫ പാര്‍ക്ക്-1, ഖലീഫ പാര്‍ക്ക്-2, ഖലീഫ പാര്‍ക്ക്-3, അല്‍ റഹ്ബ പാര്‍ക്ക്, അല്‍ ബഹിയ പാര്‍ക്ക്, ഷഹാമ പാര്‍ക്ക്, റബ്ദാന്‍ പാര്‍ക്ക്, അല്‍ ബുഹൈറ പാര്‍ക്ക്, ഹെറിറ്റേജ് പാര്‍ക്ക്, അല്‍ ഖാതിം പാര്‍ക്ക്, അല്‍ ശംഖ പാര്‍ക്ക്-4, അല്‍ ശംഖ പാര്‍ക്ക്-5, അല്‍ ശംഖ പാര്‍ക്ക്-6, അല്‍ ശംഖ പാര്‍ക്ക്-7, അല്‍ജസീറ പാര്‍ക്ക്, മുഹമ്മദ് ബിന്‍ സായിദ് പാര്‍ക്ക്-1, മുഹമ്മദ് ബിന്‍ സായിദ് സിറ്റി ജനറല്‍ പാര്‍ക്ക് എന്നിവയാണ് പുരസ്കാരം ലഭിച്ച ഉദ്യാനങ്ങള്‍. വിനോദകേന്ദ്രങ്ങളുടെയും ഉദ്യാനങ്ങളുടെയും പൊതു പൂന്തോട്ടങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന് തങ്ങളുടെ ജീവനക്കാരുടെ പ്രയത്നമാണ് പുരസ്കാരനേട്ടത്തിന് അര്‍ഹമാക്കിയതെന്ന് മുനിസിപാലിറ്റി പ്രതികരിച്ചു.
രാഷ്ട്ര മാതാവ് ശൈഖ ഫാത്വിമ ബിന്ത് മുബാറക്കിന്റെ രാജ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അബൂദബി കോര്‍ണിഷ് അല്‍ ബത്തീന്‍ സ്ട്രീറ്റിലെ പാര്‍ക്കും ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. 46,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആവോളം ആനന്ദിക്കാനും ആസ്വാദിക്കാനുമുള്ള അനവധി വേറിട്ട സാധ്യതകളാണുള്ളത്. ഷോപ്പിങ്ങിനായി റീട്ടെയില്‍ സ്റ്റോറുകള്‍, ഇവന്റുകള്‍ക്കുള്ള ഇടങ്ങള്‍, ഡൈനിങ് ഓപ്ഷനുകള്‍ ഒക്കെയും ഒരുക്കിയിട്ടുണ്ട്. സ്കേറ്റിംഗിനും സ്ട്രോളിംഗിനും വേണ്ടി തയ്യാറാക്കിയ ഡിസ്കവറി സോണില്‍ ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനാവും. പാര്‍ക്കിന്റെ അഡ്വഞ്ചര്‍ സോണില്‍ സ്കേറ്റ് പാര്‍ക്ക്, പെറ്റ് പാര്‍ക്ക്, സ്പ്ലാഷ് പാഡ് ഏരിയ, ടോഡ്ലര്‍ പ്ലേ സോണ്‍, ഇന്‍ഡോര്‍ ബോള്‍ഡര്‍ ക്ലൈംബിംഗ് എന്നിവ ഉള്‍പ്പെടുന്നു. എക്സ്പീരിയന്‍സ് സോണില്‍ സ്പോര്‍ട്സ് ആക്റ്റിവിറ്റികളാണുള്ളത്. ഇവിടെ എത്തുന്നവര്‍ക്ക് തങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടാനും കഴിയും. നായ്ക്കള്‍ക്കായി പ്രത്യേകം സ്ഥലമുള്ള അബൂദബിയിലെ ആദ്യത്തെ പാര്‍ക്ക് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഭക്ഷണ പാനീയങ്ങളുടെ കാര്യത്തില്‍, പാര്‍ക്കില്‍ ഹോട്ട്ഡോഗ് സ്പോട്ട് സെവന് ഡോഗ്സ്, കല്‍ക്കരി സ്റ്റീക്ക് ഹൗസ്, ക്രഞ്ച് ആന്‍ഡ് മഞ്ച് കഫേ, സോള റെസ്റ്റോറൻറ്, ചോക്കലേറ്റ് റിപ്പബ്ലിക് കഫേ, ടീല ഹൗസ്, സ്റ്റാര്‍ബക്സ്, സോഷ്യല്‍ റെസ്റ്റോറൻറ്, ലെ പാച്ചൗളി കഫേ, അക്കായ് കോ കഫേ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ എമിറേറ്റ്സിലെ വിവിധങ്ങളായ ഉദ്യാനങ്ങളെല്ലാം നിരവധി പ്രത്യേകതകളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്താനും അത് നിലനിര്‍ത്താനും അധികൃതര്‍ പുലര്‍ത്തുന്ന ശ്രദ്ധ അംഗീകാരങ്ങള്‍ തേടിവരാനും കാരണമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.