എട്ടുകോടിയുടെ പുരസ്കാരം പ്രഖ്യാപിച്ച് ബുർജീൽ -ആർ.പി.എം
text_fieldsഅബൂദബി: ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 10 ലക്ഷം ഡോളർ (എട്ട് കോടി രൂപ) സമ്മാനത്തുകയുള്ള അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർ.പി.എമ്മും. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിന്റെ നേതൃത്വത്തിൽ അബൂദബി ഇന്റർനാഷനൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിലാണ് സുപ്രധാന പ്രഖ്യാപനം.
ഊർജ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ‘ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീങ് അവാർഡ്’ മേഖലയിലെ ആരോഗ്യ, ക്ഷേമ പദ്ധതികൾക്കായി നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കായുള്ളതാണ്. അവാർഡിന് രണ്ടു വിഭാഗങ്ങളാണുള്ളത്. കാര്യക്ഷമമായ ആരോഗ്യ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായുള്ള പത്ത് ലക്ഷം വെൽബീങ് ഇൻവെസ്റ്റ്മെന്റാണ് ഒന്നാമത്തേത്.
തൊഴിലാളികളുടെ ക്ഷേമത്തിനായി നവീന ആശയങ്ങൾ നടപ്പാക്കുന്ന വലിയ കമ്പനികൾക്കായുള്ള ‘എക്സലൻസ് റെക്കഗ്നിഷൻ’ അവാർഡാണ് മറ്റൊന്ന്. എ.ഐ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തൊഴിലാളികളുടെ മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്ന സംരംഭങ്ങൾക്കാണ് മുൻഗണന. ആരോഗ്യകരമായ ജോലി സാഹചര്യം, നൂതന രീതികൾ, അളക്കാനാകുന്ന സ്വാധീനം എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രോജക്ടുകൾ വിലയിരുത്തുന്നത്.
അന്താരാഷ്ട്ര വിദഗ്ധർ അടങ്ങുന്ന ജൂറിയാണ് വിജയികളെ നിർണയിക്കുക. പ്രഥമ പുരസ്കാരത്തിലെ വിജയികളെ 2025 ഒക്ടോബറിൽ നടക്കുന്ന അഡിപെക് മേളയിൽവെച്ച് പ്രഖ്യാപിക്കും. അപേക്ഷിക്കേണ്ട തീയതി, ജൂറി തുടങ്ങിയ മറ്റു വിവരങ്ങൾ പിന്നീട് ലഭ്യമാക്കും. പുരസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://hewaward.com/ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.