വിസ്മയം തീര്‍ക്കുന്ന അജ്മാനിലെ പള്ളി
text_fieldsവിദൂരങ്ങളില്‍ നിന്നുപോലും വിശ്വാസികളെ ആകര്‍ഷിക്കുന്ന നിര്‍മ്മാണ ചാരുതയാണ് അജ്മാനിലെ ആമിന ബിൻത് അഹ്മദ് അൽ ഗുറൈർ ഗ്രാൻഡ് മോസ്കിന്റെ പ്രധാന സവിശേഷത. പരമ്പരാഗതവും ആധുനികവുമായ ഇസ്ലാമിക രൂപകൽപ്പനയും വാസ്തുവിദ്യാ ഘടകങ്ങളും സമന്വയിപ്പിച്ച് എമിറേറ്റിലെ അൽ സഫിയ പ്രദേശത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കിരീടാവകാശി ശൈഖ് അമ്മാര്‍ ബിൻ ഹുമൈദ് അൽ നുഐമി തെൻറ മാതാവ് ആമിന ബിൻത് അഹമ്മദ് അൽ ഗുരൈറിെൻറ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണിത്. ഒരു കോടി അറുപത് ലക്ഷം ദിര്‍ഹം ചിലവില്‍ 15000 ചതുരശ്ര അടി വിസ്തീർണത്തില്‍ നിര്‍മ്മിച്ച പള്ളിയില്‍ 1500 പേര് വരെ ഒരു സമയം നമസ്കരിക്കാറുണ്ട്. വിശാലമായ അകപ്പള്ളിയില്‍ അല്ലാഹുവിെൻറ 99 നാമങ്ങളും തങ്കലിപികളാല്‍ പ്രദര്‍ശിപ്പിച്ചു വെച്ചിട്ടുണ്ട്.
അജ്മാന് ഉമ്മുല്‍ ഖുവൈന്‍ പ്രധാന പാതയിലൂടെ സഞ്ചരിക്കുന്ന ഏതൊരാളുടെയും ദൃഷ്ടിയില് ഈ മനോഹര നിര്‍മ്മിതി ഏറെ ആകര്‍ഷിക്കും. ഖുര്‍ആന്‍ വാക്യങ്ങളാൽ പ്രത്യേകമായി അലങ്കരിച്ചിരിക്കുകയാണ് ഇതിെൻറ മിനാരം. പള്ളിയുടെ പടിഞ്ഞാറ് അല്‍ സോറ പ്രദേശത്ത് കണ്ടല്‍കാടുകള്‍ക്ക് മീതെ നിറഞ്ഞു നില്ക്കുന്ന കൂരാകൂരിരുട്ടിെൻറ പശ്ചാത്തലത്തില്‍ രാത്രി കാലങ്ങളില്‍ പള്ളി നയന മനോഹരമാണ്. പള്ളിയുടെ പുറം ചുമരുകളില്‍ പെയ്തിറങ്ങുന്ന വര്‍ണ്ണ ചാരുത ഏതൊരാളെയും വിസ്മയിപ്പിക്കും. മൊറോക്കൻ, അന്തലൂസിയൻ സ്പർശമുള്ള മനോഹര ഘടനയാണ് റമദാൻ സായാഹ്നങ്ങളിൽ പള്ളിയുടെ ചുമരുകളില്‍ പ്രകാശിക്കുന്നത്. കുടുംബവുമായി ദൂരെ ദിക്കുകളില്‍ നിന്ന് പോലും ഇവിടം ലക്ഷ്യമാക്കി എത്തുന്നവര്‍ ധാരാളം. പള്ളിയുടെ മനോഹാരിത ക്യാമറയില്‍ പകര്‍ത്തുന്നവരുടെ നീണ്ട നിരയും പ്രദേശത്ത് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.