ഒളിമ്പിക്സ് മെഡലുമായി അക്സൽസണെത്തി, ദുബൈക്ക് നന്ദി പറയാൻ
text_fieldsദുബൈ: ഒളിമ്പിക്സ് ബാഡ്മിൻറൺ സ്വർണമെഡൽ ജേതാവ് വിക്ടർ അക്സൽസൻ മെഡൽ നേട്ടം ആഘോഷിക്കാൻ ദുബൈയിൽ എത്തി.
ദുബൈയിൽ പരിശീലന സൗകര്യം ഒരുക്കിയതിന് നന്ദി പറയാൻ കൂടിയാണ് ഡെൻമാർക്ക് താരമായ അക്സൽസൺ എത്തിയത്. മെഡൽ കിട്ടിയപ്പോൾ തന്നെ ആഘോഷം ദുൈബയിൽ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ദുബൈ സ്പോർട്സ് കോംപ്ലക്സിൽ എത്തിയ അദ്ദേഹം തെൻറ പരിശീലനത്തിനൊപ്പം ജീവിതവും ദുബൈയിലേക്ക് മാറ്റാൻ ആലോചിക്കുന്നതായും വെളിപ്പെടുത്തി. ഒളിമ്പിക്സ് മെഡലിെൻറ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
ഒളിമ്പിക്സ് മെഡൽ നേട്ടം ആഘോഷിക്കാനാണ് താൻ ഇവിടെയെത്തിയതെന്ന് അക്സൽസൺ പറഞ്ഞു. എല്ലായ്പോഴും പൂർണ പിന്തുണ നൽകുന്നവരാണ് ഇവിടെയുള്ളത്. ഈ മെഡൽ നേട്ടത്തിന് ദുബൈ സ്പോർട്സ് കൗൺസിലിനും നാദൽ ഷെബ സ്പോർട്സ് കോംപ്ലക്സിനും നന്ദി പറയുന്നു. പരിശീലനത്തിനൊപ്പം ജീവിതവും ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് ദുബൈ. 2015ലാണ് ആദ്യമായി ഇവിടെ എത്തിയത്.
അന്ന് ബി.ഡബ്ലിയു.എഫ് സൂപ്പർ സീരീസിെൻറ ഫൈനലിൽ കയറി. 2016ലും 17ലും ഹംദാൻ സ്പോർട്സ് ക്ലബിൽ നടത്തിയ പരിശീലനത്തിെൻറ ഫലമായാണ് സൂപ്പർ സീരിസ് കിരീടങ്ങൾ നേടിയത്. അതിനാൽ ദുബൈ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എത്രത്തോളം പ്രഫഷനലാണ് ദുബൈ എന്നത് ആദ്യ വരവിൽ തന്നെ മനസ്സിലായി. അതിനാലാണ് വീണ്ടും വീണ്ടും എത്തിത്. പരിശീലനത്തിൽ നൂറു ശതമാനവും ശ്രദ്ധകേന്ദ്രീകരിക്കാൻ ഇവിടെ കഴിയും. അതിനാൽ, കോർട്ടിന് പുറത്തുള്ള ജീവിതത്തിെൻറ കൂടുതൽ സമയവും ദുബൈയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ്, അസിസ്റ്റൻറ് സെക്രട്ടറി ജനറൽ നാസർ അമൻ അൽ റഹ്മ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
1996ന് ശേഷം ആദ്യമായാണ് ഏഷ്യക്ക് പുറത്തുള്ള പുരുഷതാരം ഒളിമ്പിക്സ് ബാഡ്മിൻറണിൽ ജേതാവാകുന്നത്. വിജയിച്ചയുടൻ ദുബൈ സ്പോർട്സ് കൗൺസിലിന് നന്ദി അറിയിച്ച് സന്ദേശം അയച്ചിരുന്നു. ആറ് വർഷമായി ദുബൈയിലാണ് പരിശീലനം. ഒളിമ്പിക്സിന് മുന്നോടിയായി നിരവധി ടീമുകളാണ് ദുബൈയിലെത്തി പരിശീലനം നടത്തിയത്.
അടുത്തകാലത്ത് 50ഓളം ടീമുകൾ എത്തിയെന്നാണ് കണക്ക്. പലരും മികച്ച പ്രകടനം നടത്തി. എമിറേറ്റ്സുമായി കരാറൊപ്പിട്ട തദേജ് പൊഗാകറാണ് സൈക്ലിങ്ങിൽ ചാമ്പ്യനായത്. യു.എ.ഇ വേൾഡ് ടൂറിലെയും ചാമ്പ്യനായിരുന്നു പൊഗാകർ. നീന്തൽ, പെൻറാത്തലൺ, സൈക്ലിങ്, ടെന്നിസ്, ഫുട്ബാൾ, ബാഡ്മിൻറൺ ടീമുകളെല്ലാം യു.എ.ഇയിൽ എത്തി പരിശീലനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.