ആരോഗ്യ ഇൻഷുറൻസിൽ ആയുർവേദ, ഹോമിയോ ചികിത്സകളും
text_fieldsദുബൈ: എമിറേറ്റിലെ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആയുർവേദ, ഹോമിയോപ്പതി ചികിത്സകളും മനോരോഗ ചികിത്സയും ഉൾപ്പെടുത്തി.
മാസാന്ത വരുമാനം നാലായിരത്തിൽ കുറഞ്ഞ സാധാരണക്കാർ അംഗങ്ങളായ അടിസ്ഥാന ഇൻഷുറൻസ് പദ്ധതിയിലെ മാറ്റം ഇത്തരക്കാർക്ക് വലിയ രീതിയിൽ ഉപകാരപ്പെടുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിലവിൽ കോവിഡ് മഹാമാരിയിലൂടെ ലോകം കടന്നുപോകുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് കവറേജ് വിപുലീകരണം സ്വാഗതാർഹമാണെന്ന് ആരോഗ്യ സ്ഥാപനങ്ങളും പറയുന്നു. വീട്ടുജോലിക്കാർ, സലൂൺ തൊഴിലാളികൾ തുടങ്ങിയ സാധാരണക്കാരാണ് അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഇൻഷുറൻസ് പദ്ധതി അംഗീകാരം ലഭിച്ചതോടെ ആയുർവേദ, ഹോമിയോപ്പതി ചികിത്സക്ക് കൂടുതൽ പേർ സന്നദ്ധരാകുമെന്ന് മേഖലയിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ലൈസൻസുള്ള ആയുവേദ ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സക്കാണ് ഇൻഷുറൻസ് ലഭിക്കുക.
ബദൽ ചികിത്സാ രീതികളിലൊന്നായ ആയുർവേദം സമ്പന്നർക്ക് മാത്രം പ്രാപ്യമായിരുന്ന സാഹചര്യം മാറുന്നതോടെ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഗുണകരമാകുമെന്ന് ഈ രംഗത്തുള്ളവർ വിലയിരുത്തുന്നു.
ഹോമിയോപ്പതിയോട് പലരും സൂക്ഷിച്ച അകലം ഉപേക്ഷിക്കാനും ലോകത്തെ ചെലവ് കുറഞ്ഞ ചികിത്സാ രീതികളിലൊന്ന് സാധാരണക്കാർക്ക് കൂടുതൽ ലഭ്യമാകാനും തീരുമാനം ഉപകരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധരും പറയുന്നു.
കോവിഡ് കാലത്ത് മനോരോഗ ചികിത്സ തേടുന്നവർ വർധിച്ചിട്ടുണ്ട്. ഒാരോ വ്യക്തിയും പലതരം മാനസിക വ്യതിയാനങ്ങളിലൂടെ കോവിഡ് കാലത്ത് കടന്നുപോയിട്ടുണ്ടാകുമെന്നാണ് ഈ രംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നത്.
അതിനാൽ ഭാവിയിൽ ഈ ചികിത്സക്ക് രോഗികൾ വർധിക്കാനാണ് സാധ്യത.ഇത് മുന്നിൽക്കണ്ടുകൂടിയാണ് മനോരോഗ ചികിത്സ കൂടി ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.