ആയുഷ് കോൺഫറൻസിന് ദുബൈയിൽ തുടക്കം
text_fieldsദുബൈ: ആരോഗ്യ ടൂറിസം രംഗത്തെ വികസനത്തിന് കേന്ദ്ര സർക്കാറിന്റെ ആയുഷ് മെഡിക്കൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ. ശനിയാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ ആൽ മക്തൂം ഹാളിൽ ആരംഭിച്ച രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസും പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതിൽ ആരോഗ്യ ടൂറിസത്തിന് ഏറെ പ്രാധാന്യമുണ്ട്. പാരമ്പര്യ, ബദൽ ആരോഗ്യ ചികിത്സാ രീതികൾക്ക് ആഗോള തലത്തിൽ വലിയ വിപണി സാധ്യതയാണുള്ളത്. 2050ഓടെ ഈ മേഖലയിലെ വളർച്ച ഏഴുലക്ഷം കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യ ചികിത്സാ രീതികൾക്കും മരുന്നുകൾക്കും അംഗീകാരം നൽകി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന യു.എ.ഇ സർക്കാറിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. പരമ്പരാഗത മരുന്ന് വ്യവസായ രംഗത്തും ആരോഗ്യ ടൂറിസം രംഗത്തും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ ആയുഷ് കോൺഫറൻസുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, ആയുഷ് മന്ത്രാലയം ജോ. സെക്രട്ടറി ഭിശ്വജിത് കുമാർ സിങ്, സയൻസ് ഇന്ത്യ ഫോറം യു.എ.ഇ പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണൻ, ആയുഷ് ജന. സെക്രട്ടറി ഡോ. ശ്യാം വി.എൽ, സയൻസ് ഇന്ത്യ ഫോറം രക്ഷാധികാരിയും രണ്ടാമത് അന്താരാഷ്ട്ര ആയുഷ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ ചെയർമാനുമായ സിദ്ധാർഥ് ബാലചന്ദ്രൻ, വിജ്ഞാന ഭാരതി പ്രസിഡന്റ് ഡോ. ശേഖർ സി. മാണ്ഡെ, വിജ്ഞാന ഭാരതി രക്ഷാധികാരി ഡോ. സുനിൽ അംബേദ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് സയൻസ് ഇന്ത്യ ഫോറമാണ് പരിപാടിയുടെ സംഘാടകർ. ഇന്ത്യൻ പാരമ്പര്യ ചികിത്സാ രീതികളായ ആയുർവേദ, യോഗ, നാച്വറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി നടത്തുന്ന പരിപാടി തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.