വിമാന അപകടം: ദുരന്തം നിർഭാഗ്യകരം; ആവർത്തിക്കാതിരിക്കാൻ നടപടി വേണം -ഡോ. ആസാദ് മൂപ്പന്‍
text_fieldsദുബൈ: കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന അപകടം നിർഭാഗ്യകരമാണെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധയും നടപടിയും വേണമെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍.
ജീവന്‍ നഷ്ടമായവര്‍ക്ക് നിത്യശാന്തിക്കായി പ്രാർഥിക്കുന്നു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് വേഗത്തിലുളള ശമനമുണ്ടാകട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അര്‍ഹരായ എല്ലാ രോഗികള്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ ആസ്റ്റര്‍ പ്രതിജ്ഞാബദ്ധമാണ്.
വിമാനത്താവള ജീവനക്കാര്‍, നാട്ടുകാര്‍, അഗ്നിശമന സേന, പൊലീസ് എന്നിവരുടെ മികച്ച പ്രവര്‍ത്തനം അപകടത്തില്‍പ്പെട്ടവരെ അതിവേഗത്തില്‍ ആശുപത്രികളിലെത്തിക്കുന്നതിനും അത്യാഹിതത്തിെൻറ തോത് കുറക്കുന്നതിനും സഹായിച്ചു. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ ആസ്റ്റര്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ടീമിനെ അണിനിരത്തിയിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ മുഴുവന്‍ ടീമിനും തയ്യാറെടുപ്പുകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും സ്റ്റാന്‍ഡ്ബൈ മോഡില്‍ നില്‍ക്കാന്‍ അറിയിപ്പു നല്‍കുകയും ചെയ്തു. പൈലറ്റ് ദീപക് സാത്തേ, കോ-പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുള്‍പ്പെടെ മരണപ്പെട്ട നാല് പേരടക്കം 44 പേരെയാണ് ആസ്റ്റര്‍ മിംസ് കാലിക്കറ്റില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഏഴ് യാത്രക്കാരുടെ നില ഗുരുതരമാണ്. ഒരാള്‍ വെൻറിലേറ്ററിലുമാണ്. തലയ്ക്ക് പരിക്കേറ്റ ഗര്‍ഭിണിയായ സ്ത്രീയും ഇവിടെ ചികിത്സയിലുണ്ട്. അവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുന്നു. 10 പേര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്, ആശുപത്രിയിലെ വിദഗ്ദ്ധ സംഘം അതിനുവേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ പ്രവേശിപ്പിച്ച അഞ്ച് പേരുടെയും നില തൃപ്തികരമാണ്.
ടേബിള്‍ടോപ്പ് റണ്‍വേ പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷിതമായ ലാന്‍ഡിങിന് പര്യാപ്തമല്ല. വലിയ ബോഡിയുളള ജെറ്റ് വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുന്നതിനും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനും റണ്‍വേ വിപുലീകരണം ആവശ്യപ്പെട്ട് നിരവധി വര്‍ഷങ്ങളായി പല തലങ്ങളില്‍ ശ്രമങ്ങള്‍ നടന്നുവരികയാണ്. ഭൂമി ലഭ്യത പോലുള്ള തടസങ്ങൾ ഒഴിവാക്കാൻ പ്രദേശവാസികളും സന്നദ്ധത പ്രകടിപ്പിക്കണം. റണ്‍വേ വിപുലീകരണ പദ്ധതി ത്വരിതപ്പെടുത്താന്‍ നടപടികള്‍ കൈക്കൊളളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.