'തിരികെ സ്‌കൂളിലേക്ക്'പദ്ധതി 30 വരെ അബൂദബി സ്‌കൂളുകളില്‍
text_fieldsഅബൂദബി: സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിലെ 'മക്തബ' അവതരിപ്പിക്കുന്ന 'തിരികെ സ്‌കൂളിലേക്ക് പദ്ധതി'യുടെ ഭാഗമായി ശിൽപശാലകളും വിവിധ സെഷനുകളും ഈ മാസം സ്‌കൂളുകളില്‍ അരങ്ങേറും. പഠനവും വിനോദവും സംയോജിപ്പിച്ചിട്ടുള്ളതാണ് പദ്ധതി. കുട്ടികളിലെ ക്രിയാത്മകതയെയും വിശകലന വൈഭവങ്ങളെയും പ്രചോദിപ്പിക്കുകയും വായനശീലം ഉണ്ടാക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. ഈ മാസം 30 വരെ നടക്കുന്ന പദ്ധതി മൈക്രോസോഫ്റ്റ് ടീമിെൻറ സഹായത്തോടെ വെര്‍ച്വലായാണ് നടത്തുന്നത്. എമിറേറ്റിലുടനീളമുള്ള കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമാവാന്‍ അവസരമുണ്ട്. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസകേന്ദ്രങ്ങളിലെയും ഏതു പ്രായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും പദ്ധതിയുടെ ഭാഗമായി സെഷനുകളില്‍ പങ്കെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.
ചെറുപ്രായത്തില്‍തന്നെ കുട്ടികളില്‍ വായനശീലവും ഗവേഷണ തല്‍പരതയും വളര്‍ത്തിയെടുക്കുന്നതിലൂടെ അവരെ വിജ്ഞാനത്തിൽ മുന്‍നിരയിലേക്കു കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ലൈബ്രറി മാനേജ്‌മെൻറ് വിഭാഗം ഡയറക്ടര്‍ ശൈഖ മുഹമ്മദ് അല്‍മെഹൈരി പറഞ്ഞു. അധ്യാപകരുടെ പഠനശേഷിയെ മെച്ചപ്പെടുത്തുന്നതിനും നവീന വിദ്യാഭ്യാസ രീതികള്‍ പരിചയിക്കാനും സ്‌കൂളിലേക്ക് തിരികെ പദ്ധതി സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദാര്‍ അല്‍ കുതുബ് മേഖലയിലെ ഡി.സി.ടി അബൂദബിയുടെ അഞ്ച് പബ്ലിക് ലൈബ്രറികളുടെ മേല്‍നോട്ടത്തില്‍ 32 ശിൽപശാലകളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. സായിദ് സെന്‍ട്രല്‍ ലൈബ്രറി 10 ശിൽപശാലകളും ഖലീഫ പാര്‍ക്ക് ലൈബ്രറിയും അല്‍ ബഹിയ ലൈബ്രറിയും അഞ്ചുവീതം ശിൽപശാലകളും അല്‍ വത്ബ ലൈബ്രറിയും അല്‍ മര്‍ഫ ലൈബ്രറിയും ആറുവീതം ശില്‍പശാലകളും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.