പ്രവാസലോകത്തെ കുരുന്നുകളുമായി സംവദിക്കാന്‍ ബാദുഷ ഇനി എത്തില്ല
text_fieldsഅജ്മാന്‍: പ്രവാസലോകത്തെ കുരുന്നുകളുമായി സംവദിക്കാന്‍ ഇബ്രാഹിം ബാദുഷ ഇനി എത്തില്ല. ഇന്നലെ അന്തരിച്ച പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷ പ്രവാസലോകത്തെ വിദ്യാലയങ്ങളില്‍ കുരുന്നുകളുമായി സംവദിക്കാന്‍ ബിഗ് കാന്‍വാസ് അടക്കം പദ്ധതിയുമായി നിരവധി തവണ എത്തിയിരുന്നു.
സ്റ്റീം ഫോര്‍ കിഡ്സ് പരിപാടിയോടനുബന്ധിച്ച് സ്കൂളിലെ പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ കുട്ടികള്‍ ചേര്‍ന്ന് 46 മീറ്റര്‍ ദൈര്‍ഘ്യമുള്ള നിരവധി ബിഗ് കാന്‍വാസ് സൃഷ്ടിച്ചിരുന്നു. 1971 മുതല്‍ 2017 വരെ 46 വര്‍ഷങ്ങളിലെ ഇന്ത്യ- യു.എ.ഇ സൗഹൃദം ആസ്പദമാക്കിയ വരകളാണ് അവതരിപ്പിച്ചിരുന്നത്. ഇബ്രാഹിം ബാദുഷയായിരുന്നു മുഖ്യ ആകര്‍ഷണം. ഫൈന്‍ ഫെയര്‍ ഗ്രൂപ്പും കെയര്‍ ഫൗണ്ടേഷനുമായിരുന്നു പരിപാടികളുടെ പ്രായോജകര്‍.
പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന് വേണ്ടിയാണ് ബാദുഷ കൂടുതല്‍ പരിപാടികള്‍ അവതരിപ്പിച്ചത്. ബാദുഷയും സുഹൃത്തുക്കളായ സനു സത്യനും ശ്രീജിത്തും ചേര്‍ന്നാണ് ഷാര്‍ജയിലെ പ്രോഗ്രസിവ് സ്കൂളിലും റേഡിയൻറ് സ്കൂളിലും ചില്‍ഡ്രന്‍സ് ഫെയര്‍ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്. വേഗ വരകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും അക്ഷര ചിത്രങ്ങളിലൂടെയും (ഡൂഡില്‍) ബാദുഷ കുട്ടികളുടെയും അധ്യാപകരുടെയും മനം കവര്‍ന്നു.
പിന്നീട് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍, അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂള്‍, അല്‍ അമീര്‍ സ്കൂള്‍ തുടങ്ങി യു.എ.ഇയിലെ മിക്കവാറുമെല്ലാ സ്കൂളുകളും ബാദുഷയുടെ നിമിഷവരക്കു സാക്ഷിയായി.
ഇംഗ്ലീഷ് അക്ഷരങ്ങളില്‍നിന്നും ആപ്പിളും ആസ്ട്രോനട്ടും പക്ഷികളും സിംഹവും കടുവയും ആനയും തുടങ്ങി സുവോളജിസ്റ്റും എൻജിനീയറുമൊക്കെ പിറന്നു. ഔട്ട് ഓഫ് ദി ബോക്സ് ലേണിങ് രീതികള്‍ ഇവര്‍ അധ്യാപര്‍ക്ക് പകര്‍ന്നുകൊടുത്തു.
ബഹ്റൈനിലെ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ ഒരേസമയം 1500ല്‍പരം കുട്ടികള്‍ക്ക് ക്ലാസ് എടുത്തത് പങ്കെടുത്തവര്‍ ഇന്നും ഓര്‍ത്തെടുക്കുന്നു. യു.എ.ഇയുടെയും ബഹ്റൈെൻറയും ചരിത്രം ഉള്‍ക്കൊണ്ട് നൂറോളം കുരുന്നുകളെ ഒന്നിച്ച് അണിനിരത്തി ബിഗ് കാന്‍വാസും ലോങ് കാന്‍വാസും ഒരുക്കി. കോവിഡിനെതിരായ ബോധവത്കരണ ചിത്രങ്ങൾ വരച്ചുകൂട്ടിയ അതുല്യ പ്രതിഭയുടെ വിയോഗവും കോവിഡ് മൂലമായിരുന്നു.
ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വൺ മിനിറ്റ് കാരിക്കേച്ചറിലൂടെ 'കാർട്ടൂൺ മാൻ' എന്ന് പ്രശസ്തനായ വ്യക്തിയാണ് കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ കൂടിയായിരുന്ന ഇബ്രാഹിം ബാദുഷ.
ഗള്‍ഫിലെ വിസ്മയങ്ങള്‍ കാരിേക്കച്ചറുകളാക്കി പുസ്തകം ഇറക്കണം എന്ന മോഹം ബാക്കിയാക്കിയാണ് ബാദുഷ എന്ന യുവ കലാകാരന്‍ വിടവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.