വിമാനയാത്രയിൽ ലഗേജ് നിയന്ത്രണം; പ്രവാസികൾക്കും തിരിച്ചടിയാകും
text_fieldsദുബൈ: വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകും. പുതിയ നിയന്ത്രണം അനുസരിച്ച് ജനുവരി മുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു കാബിൻ ബാഗോ ഹാൻഡ് ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക.
മറ്റെല്ലാ ലഗേജുകളും ചെക്കിൻ ചെയ്യേണ്ടതായിവരും. ഇന്ത്യൻ വിമാന കമ്പനികൾക്കുമാത്രമാണ് ഇത് ബാധകമാവുക. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. എയർ ഇന്ത്യയും ഇൻഡിഗോയുമടക്കം പ്രധാന വിമാന കമ്പനികളെല്ലാം പുതിയ മാർഗനിർദേശങ്ങളനുസരിച്ച് ബാഗേജ് നയങ്ങൾ പുതുക്കിയിട്ടുണ്ട്. ഇതുപ്രകാരം ലഗേജ് ഏഴു കിലോഗ്രാമിൽ കൂടാൻ അനുവദിക്കില്ല. അധിക ഭാരത്തിനും വലുപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും. യാത്രാതടസ്സങ്ങളും അധിക നിരക്കും ഒഴിവാക്കാൻ യാത്രക്കാർ പുതുക്കിയ ബാഗേജ് നയങ്ങൾ പിന്തുടരണമെന്നും അധികൃതർ നിർദേശിക്കുന്നു.
നേരത്തെ ഏഴു കിലോ ബാഗേജിന് പുറമെ ലാപ്ടോപ്, പാസ്പോർട്ട്, ടിക്കറ്റ്, രേഖകളും മറ്റും വെക്കുന്ന ചെറിയ ബാഗ്, സ്ത്രീകളുടെ വാനിറ്റി ബാഗ് എന്നിവ കൈയിൽ വെക്കാൻ വിമാന കമ്പനികൾ അനുവദിച്ചിരുന്നു. പുതിയ നിർദേശം വരുന്നതോടെ ഇവ കൈയിൽ വെക്കുന്നതിനും തടസ്സം നേരിടും. കാബിൻ ബാഗിന്റെ പരമാവധി വലുപ്പം 55 സെന്റി മീറ്റർ, നീളം 40 സെന്റി മീറ്റർ, വീതി 20 സെന്റി മീറ്റർ എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുമുണ്ട്.
പുതിയ നിയന്ത്രണം പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ വിമാന കമ്പനികളെ കൂടുതലായി ആശ്രയിക്കുന്ന പ്രവാസികളെ പ്രയാസപ്പെടുത്തുന്ന പരിഷ്കരണമാണിതെന്നും യാത്ര എളുപ്പമാക്കുന്നതിനു പകരം സങ്കീർണമാക്കുകയാണ് അധികൃതരെന്നുമാണ് വിമർശനമുയരുന്നത്.
ലാപ്ടോപ്പിന്റെയും തൂക്കം നോക്കും
നേരത്തെ എല്ലാ എയർലൈനുകളും കാബിൻ ബാഗേജിന് പുറമേ ഒരു ലാപ്ടോപ് ബാഗ് അനുവദിക്കാറുണ്ട്. ഇതിൽ ലാപ്ടോപ് ബാഗ് തൂക്കുന്ന പതിവുണ്ടായിരുന്നില്ല. ഇനി കാബിൻ ബാഗേജിനുപുറമെ ലാപ്ടോപ് ബാഗുകളും കർശനമായി തൂക്കം നോക്കും. ബാഗേജിന് പുറമെ ലാപ്ടോപ്പും കൂടി നോക്കി ഏഴുകിലോയിൽ കൂടുതൽ ഉണ്ടെങ്കിൽ അധിക ലഗേജിന് പണം നൽകേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. ലാപ്ടോപ് ബാഗിലും ബാക്ക്പാക്കുകളിലും പ്ലാസ്റ്റിക് ബാഗുകളിലും കാബിൻ ബാഗേജിനൊപ്പം സാധനങ്ങൾ കൊണ്ടുപോകാൻ തിരഞ്ഞെടുക്കുന്നവരുണ്ട്. ഇതു തടയുന്നതിനായാണ് പുതിയ നിയമമെന്ന് ട്രാവൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതൽ ഇത്തരം രീതികൾ നിയന്ത്രിക്കപ്പെടും. മാത്രമല്ല ടാഗുകളില്ലാതെ ഒരു ലഗേജും വിമാനത്തിലേക്ക് അനുവദിക്കുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.