അൽ ഫാതിഹ് ഹൈവേയിൽനിന്ന് ജുഫൈറിലേക്കുള്ള ഫ്ലൈ ഓവർ തുറന്നു
text_fieldsമനാമ: അൽ ഫാതിഹ് ഹൈവേയിൽനിന്ന് പ്രിൻസ് സൗദ് അൽ ഫൈസൽ അവന്യൂവിലേക്കുള്ള ഫ്ലൈ ഓവർ തുറന്നു. പൊതുമരാമത്ത് മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫയാണ് ഹൈവേ നവീകരണത്തിന്റെ ഭാഗമായി അൽ ഫാതിഹ് കോർണിഷിന്റെ ഭാഗത്തുള്ള സിഗ്നലിന് പകരം സ്ഥാപിച്ച ലെഫ്റ്റ് ടേൺ മേൽപാലം കഴിഞ്ഞദിവസം തുറന്നുകൊടുത്തത്. രണ്ട് ഫ്ലൈ ഓവറുകളും ഒരു അടിപ്പാതയും ഉൾപ്പെടുന്ന അൽ ഫാതിഹ് ഹൈവേയുടെ നവീകരണം 2024 മാർച്ചിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 40.5 ദശലക്ഷം ദീനാറാണ് നിർമാണച്ചെലവ്.
ജുഫൈർ, ഗുറൈഫ, അദിലിയ, ഗുദൈബിയ, ഉമ്മുൽ ഹസം, മിന സൽമാൻ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഹൈവേ. പ്രതിദിനം 87,000 വാഹനങ്ങൾ ഇപ്പോൾ കടന്നുപോകുന്നുണ്ട്. ഹൈവേ നിർമാണം പൂർത്തിയായാൽ പ്രതിദിനം 1,40,000 വാഹനങ്ങൾ കടന്നുപോകും.
നേരത്തേ മനാമയിൽനിന്നും ഈ ഭാഗത്തുകൂടി ജുഫൈറിലേക്ക് പോകുമ്പോൾ ജങ്ഷനിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതൊഴിവാക്കുന്നതിന്റെ ഭാഗമായാണ് മനാമ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മേൽപാലത്തിലൂടെ അൽ ഫാതിഹ് ഏരിയയിലേക്ക് തിരിയാൻ സംവിധാനമേർപ്പെടുത്തിയിട്ടുള്ളത്. മേൽപാലം പ്രിൻസ് സുഊദ് അൽ ഫൈസൽ റോഡിലേക്ക് ചെന്നു ചേരും.
ജുഫൈർ ഭാഗത്തു നിന്നും മനാമയിലേക്ക് വരുന്നവർക്ക് യു ടേൺ ചെയ്യുന്നതിനുള്ള മേൽപാലം നേരത്തേ പണിപൂർത്തിയാവുകയും തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ആദ്യ യു ടേൺ ഫ്ലൈ ഓവറാണിത്. രണ്ടു മേൽപാലങ്ങളും ഹൂറ ജങ്ഷനിൽ വന്നതോടെ വലിയ അളവിൽ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
ഹൈവേയിൽ ഓരോ വശത്തേക്കും നാലു കിലോമീറ്റർ വരെ നീളത്തിൽ നാലുവരിപ്പാതയായാണ് നിർമാണം. പദ്ധതിയുടെ 61 ശതമാനം പൂർത്തിയായെന്ന് ശൈഖ് മശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ബാക്കി ഉടനടി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്.
രണ്ടു ഫ്ലൈ ഓവറുകളുടെ നിർമാണം പൂർത്തിയാക്കാനും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനും സാധിച്ചു. ഗൾഫ് ഹോട്ടലിന് സമീപമുള്ള സിഗ്നലിന് സമീപം ഏർപ്പെടുത്തുന്ന തുരങ്കത്തിന്റെ നിർമാണം 65 ശതമാനം പൂർത്തിയായി. അനുബന്ധ റോഡുകളുടെ 32 ശതമാനം പൂർത്തിയായി. മഴവെള്ളം ഒഴുകിപ്പോകാനായി നിർമിക്കുന്ന ഡ്രെയിനേജിന്റെ 59 ശതമാനം പൂർത്തീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.