പെരുന്നാൾ, വേനൽ അവധി; ദുബൈ എയർപോർട്ടിൽ പ്രവേശനം യാത്രക്കാർക്ക് മാത്രം
text_fieldsദുബൈ: പെരുന്നാൾ, വേനൽ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തി ദുബൈ വിമാനത്താവള അധികൃതർ. ബന്ധുക്കളുടെ യാത്രയയപ്പുകൾ വീട്ടിൽ നടത്താനും അധികൃതർ നിർദേശിച്ചു. ബന്ധുക്കളെ യാത്രയാക്കാനെത്തുന്നവർ ചെക് ഇൻ നടപടികൾ പൂർത്തിയാവുന്നത് വരെ വിവിധ ടർമിനലുകൾക്ക് സമീപം കാത്തുനിൽക്കുന്നത് ദുബൈ വിമാനത്താവളത്തിൽ സ്ഥിരം കാഴ്ചയാണ്. ഇത് മറ്റ് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം അധികൃതർ മുന്നോട്ടുവെച്ചത്.
തിരക്കുള്ള സമയങ്ങളിൽ ഒന്ന്, മൂന്ന് ടെർമിനലുകളിൽ പൊതു ഗതാഗത സംവിധാനങ്ങൾക്കും എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായിരിക്കും പ്രവേശനാനുമതിയെന്നും ദുബൈ എയർപോർട്ട് അധികൃതർ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈദുൽ അദ്ഹ പ്രമാണിച്ച് യു.എ.ഇയിലെ നിവാസികൾക്ക് ജൂൺ 15 മുതൽ 18 വരെ നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകാതെ രാജ്യത്തെ സ്കൂളുകളും രണ്ടു മാസത്തെ വേനൽ അവധിയും പ്രഖ്യാപിക്കും.
ഇതോടെ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുക. ജൂൺ 12 മുതൽ 25 വരെ 37 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ ശരാശരി 2.64 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിലൂടെ വന്നുപോകും. ജൂൺ 22 ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് കണക്കുകൂട്ടൽ. ഈ ദിവസം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം 2.87 ലക്ഷം കവിയുമെന്നാണ് കരുതുന്നത്.
ഈ സാഹചര്യത്തിൽ യാത്രക്കാർ നാല് മണിക്കൂർ മുമ്പുതന്നെ വിമാനത്താവളത്തിലെത്താൻ ശ്രമിക്കണം. എമിറേറ്റ്സ് യാത്രക്കാർ ഓൺലൈൻ വഴി ചെക് ഇൻ ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. ഒന്ന്, മൂന്ന് ടെർമിനൽ യാത്രക്കാർക്ക് മെട്രോ ഉപയോഗിക്കാം. കുടുംബത്തോടൊപ്പമുള്ള 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പാസ്പോർട്ട് വെരിഫിക്കേഷൻ നടപടികൾക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.