അബൂദബിയില്‍ കാലി മേയ്ക്കലിന് നിരോധനം
text_fieldsഅബൂദബി: ഈ മാസം 16 മുതല്‍ അബൂദബിയില്‍ കാലി മേയ്ക്കലിന് നിരോധനമേര്‍പ്പെടുത്തി പരിസ്ഥിതി ഏജന്‍സി. അടുത്ത വർഷം മേയ് 15 വരെയാണ് മേയ്ക്കലിന് നിരോധനം. മേച്ചില്‍പുറങ്ങളെ പുനരുജ്ജീവിക്കുന്നതിനും സസ്യങ്ങളെ വീണ്ടെടുക്കുന്നതിനുമായാണ് നടപടി. മുന്‍ തവണ മേയ് 15ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് അവസാനിക്കുന്ന രീതിയിലായിരുന്നു മേയ്ക്കല്‍ നിരോധനമുണ്ടായിരുന്നത്.
നിരോധന കാലയളവില്‍ എമിറേറ്റില്‍ വനപ്രദേശങ്ങളില്‍ എല്ലാവിധ കന്നുകാലികള്‍ക്കും മേച്ചിലിന് അനുമതിയുണ്ടാവില്ല. വന്യമൃഗങ്ങളും സസ്യ സ്രോതസ്സുകളും തമ്മിലുള്ള ഭക്ഷ്യ ശൃംഖലയെ പ്രോത്സാഹിപ്പിക്കുന്നതും നിരോധനത്തിനു പിന്നിലെ ലക്ഷ്യമാണ്. അബൂദബിയിലെ മേച്ചില്‍പ്പുറങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കാനും നിരോധനം ഉപകരിക്കും. സുസ്ഥിരത സംരക്ഷിക്കുന്നതിനായുള്ള വിദഗ്ധ സംഘത്തിന് മേഖല സന്ദര്‍ശിച്ച് പഠനം നടത്താനും നിരോധനം വഴിയൊരുക്കും.
മേച്ചില്‍ നിരോധനം അബൂദബിയില്‍ മികച്ച പാരിസ്ഥിതിക നേട്ടങ്ങള്‍ക്കും സസ്യ സംരക്ഷണത്തിനും സഹായകമാവുമെന്ന് പരിസ്ഥിതി വകുപ്പിനു കീഴിലെ ടെറസ്ട്രിയല്‍ ആന്‍ഡ് മറൈന്‍ ജൈവവൈവിധ്യ മേഖലയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഹ്മദ് അല്‍ ഹാശിമി ചൂണ്ടിക്കാട്ടി.
മരങ്ങള്‍, കുറ്റിച്ചെടികള്‍, കാട്ടു പുല്ലുകള്‍ എന്നിവയുടെ താല്‍ക്കാലിക സ്വാഭാവിക വിശ്രമകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിരോധനം വിവിധതരം സസ്യങ്ങള്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കും. നിരോധനം പാലിക്കണമെന്ന് കന്നുകാലി ഉടമകളോട് പരിസ്ഥിതി ഏജന്‍സി ആവശ്യപ്പെട്ടു. ഇക്കാലയളവില്‍ കന്നുകാലികള്‍ക്ക് വ്യായാമമെന്ന നിലയില്‍ മേയ്ക്കാനല്ലാതെ അവയെ ഫാമുകള്‍ക്ക് പുറത്തിറക്കാന്‍ അനുമതിയുണ്ടെന്നും പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.