ജീവനക്കാർക്ക് ബാങ്ക് ഗാരന്റിയോ ഇൻഷുറൻസോ ഉറപ്പാക്കണം
text_fieldsദുബൈ: യു.എ.ഇയിലെ സ്ഥാപനങ്ങൾ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്ക് ഗാരന്റിയോ ഇൻഷുറൻസോ ഉറപ്പുവരുത്തണമെന്ന് നിർദേശം. യു.എ.ഇ തൊഴിൽ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനികളുടെ സൗകര്യത്തിനനുസരിച്ച് ബാങ്ക് ഗാരന്റിയോ ഇൻഷുറൻസോ തിരഞ്ഞെടുക്കാം.
കമ്പനികളുടെ പ്രവർത്തന സൗകര്യത്തിന് അനുസരിച്ചാണ് ജീവനക്കാരുടെ പരിരക്ഷ ഉറപ്പാക്കാൻ ഓരോ ജീവനക്കാരനും ബാങ്ക് ഗാരന്റിയോ ഇൻഷുറൻസോ തിരഞ്ഞെടുക്കേണ്ടതെന്ന് തൊഴിൽ മന്ത്രി ഡോ. അബ്ദുറഹ്മാൻ അബ്ദുൽ മന്നാൻ അൽ അവാർ പറഞ്ഞു. ബാങ്ക് ഗാരന്റിയാണ് നൽകുന്നതെങ്കിൽ ഓരോ ജീവനക്കാരനും എല്ലാവർഷവും പുതുക്കാൻ കഴിയുന്നവിധം 3000 ദിർഹമാണ് ഗാരന്റിയായി കെട്ടിവെക്കേണ്ടത്. ഇത് തൊഴിൽ കരാർ റദ്ദാക്കുമ്പോഴോ ജീവനക്കാരൻ രാജ്യം വിടുമ്പോഴോ മരിക്കുമ്പോഴോ തിരിച്ചെടുക്കാം. ജീവനക്കാരൻ ജോലി മാറിയാലും ഇത് തിരികെ ക്ലെയിം ചെയ്യാം. ഇൻഷുറൻസാണ് ലഭ്യമാക്കുന്നതെങ്കിൽ 30 മാസത്തേക്ക് വിദഗ്ധ തൊഴിലാളിക്ക് 137 ദിർഹം 50 ഫിൽസ് എന്ന നിരക്കിലും അവിദഗ്ധ തൊഴിലാളികൾക്ക് 180 ദിർഹം എന്ന നിരക്കിലുമാണ് പോളിസി എടുക്കേണ്ടത്. വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തതും അപകടസാധ്യത കൂടുതലുള്ള മേഖലയിൽ ജോലിയെടുക്കുന്നവർക്കും 250 ദിർഹമിന്റെ പോളിസിയെടുക്കണം. 20,000 ദിർഹം വരെയുള്ള ഇൻഷുറൻസ് കവറേജ് ഉറപ്പാക്കണം. തൊഴിലാളിയുടെ 120 ദിവസത്തെ ശമ്പളം, ഗ്രാറ്റ്വിറ്റി, തിരികെ യാത്ര, മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് ഉൾപ്പെടുന്നതായിരിക്കണം ഇൻഷുറൻസെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.