ബാങ്ക് വായ്പ തിരിച്ചടവ്: പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശ്വാസമാകും
text_fieldsദുബൈ: ഇന്ത്യയിലെ ബാങ്ക് വായ്പ തിരിച്ചടവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമാകും. കോവിഡ്–19 വ്യാപനത്തിെൻറ പാശ്ചാത്തലത്തില്‍ ഗള്‍ഫിലും നാട്ടിലും കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ നാട്ടിലെ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാന്‍ വഴിമുട്ടുമോയെന്ന പ്രവാസികളുടെ ആശങ്കക്ക് വിരാമമിട്ടാണ് ആര്.ബി.ഐയുടെ താല്കാലിക ആശ്വസം. മൂന്നുമാസം വായ്പ തിരിച്ചടച്ചില്ലെങ്കിലും ഉപഭോക്താവിനുമേല്‍ ഒരു നടപടിയുമുണ്ടാകില്ല. മാസശമ്പളത്തിെൻറ വരവനുസരിച്ചാണ് നാട്ടിലെ ബാങ്കുകളില്‍നിന്ന് പലരും വായ്പയെടുത്തതും തിരിച്ചടവുകള്‍ നടത്തിവരുന്നതും. പുതിയ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകള്‍ കടുത്ത പ്രതിസന്ധിയിലാണ്.
ഡ്രൈവര്‍മാര്‍, ചെയ്യുന്ന ജോലിക്ക് മാത്രം വരുമാനം ലഭിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, സ്വന്തം നിലയില്‍ ചെറിയ ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നവര്‍ എന്നിവരെയെല്ലാം പ്രതിസന്ധി പിടികൂടിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും നാട്ടില്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് വീട് നിര്‍മാണം മുതല്‍ പല കാര്യങ്ങളും പൂര്‍ത്തിയാക്കിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പലിശയും അധിക പലിശയുമൊക്കെയായി വലിയ തുക നല്‍കേണ്ടി വരുമോ എന്നതായിരുന്നു ഇവരുടെ ആശങ്ക.
അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസി തൊഴിലാളികള്‍ക്ക് നേട്ടമായി വിലയിരുത്താറുണ്ടായിരുന്നു. എന്നാല്‍, കോവിഡിെൻറ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഗള്‍ഫില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനോടൊപ്പം അയക്കാന്‍ പണമില്ല എന്നതുമാണ് ഇതിെൻറ പ്രധാന കാരണം. കൊറോണ വൈറസിെൻറ പശ്ചാത്തലത്തില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. കമ്പനികളില്‍ ഭൂരിപക്ഷവും പ്രവര്‍ത്തനം മന്ദഗതിയിലാക്കി.
സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഒഴികെ മറ്റു വിഭാഗങ്ങളിലൊന്നും കച്ചവടം നടക്കുന്നില്ല. ഹോട്ടലുകളിൽ പാഴ്സൽ സർവിസുകൾ മാത്രമായി ചുരുങ്ങി. കമ്പനികള്‍ക്ക് പുതിയ പ്രോജക്ടുകള്‍ ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതോടെ ജീവനക്കാര്‍ക്ക് ദീര്‍ഘനാളത്തെ ശമ്പളമില്ലാത്ത അവധിയാണ് പല കമ്പനികളും നല്കിക്കൊണ്ടിരിക്കുന്നത്. ഇതിനുപുറമെ തൊഴിലാളികളുടെ എണ്ണം പരിമിതിപ്പെടുത്തല്‍, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങളും കമ്പനികള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. രൂപയുടെ മൂല്യം കുറയുന്നതോടെ കൈയിലുള്ള പണം പൂര്‍ണമായും നാട്ടിലേക്ക് അയച്ചാല്‍ അതും തിരിച്ചടിയാകുമോ എന്ന ആശങ്കയും പ്രവാസികളെ കുഴക്കുന്നു. അതേസമയം, യു.എ.ഇയിലെ ചില ബാങ്കുകൾ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വായ്പ തിരിച്ചടവ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചതും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വലിയ ആശ്വാസമായി മാറുകയാണ്. യൂട്ടിലിറ്റി ബിൽ പേമൻറുകളിൽ സർവിസ് ചാർജ് ജൂൺ 30 വരെ ഈടാക്കരുതെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.