വായ്പ തിരിച്ചടവ് നീട്ടാൻ ബാങ്കുകൾക്ക് നിർദേശം
text_fieldsഅബൂദാബി: മഴക്കെടുതി ബാധിച്ച ഉപഭോക്താക്കളുടെ വ്യക്തിഗത, കാർ വായ്പകൾ തിരിച്ചടക്കുന്നത് ആറ് മാസത്തേക്ക് നീട്ടിവെക്കാൻ അനുവദിക്കണമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നിർദേശം നൽകി. അധിക ഫീസോ പലിശയോ ലാഭമോ ചുമത്താതെയും വായ്പയുടെ അടിസ്ഥാന തുക വർധിപ്പിക്കാതെയും നിർദേശം നടപ്പിലാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ മഴയിൽ വാഹനങ്ങൾക്കും വീടുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു. ‘സമഗ്ര ഇൻഷുറൻസി’ൽ ഉൾപ്പെടുത്തി ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകുന്നതിന് ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി. ഇൻഷുറൻസ് അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇൻഷുറൻസ് പോളിസി ശ്രദ്ധാപൂർവം വായിക്കാനും മനസ്സിലാക്കാനും സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഇൻഷുറൻസ് കമ്പനിയുമായി ഏതെങ്കിലും തരത്തിൽ തർക്കങ്ങളോ പരാതികളോ ഉണ്ടെങ്കിൽ സാമ്പത്തിക, ഇൻഷൂറൻസ് ഓംബുഡ്സ്മാനായ ‘സനാദകു’മായി ബന്ധപ്പെടണമെന്നും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് വിസ പിഴയില്ല
ദുബൈ: കഴിഞ്ഞ ആഴ്ചയിലെ മഴയെ തുടർന്ന് റദ്ദാക്കിയ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവരിൽനിന്ന് വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴ ഈടാക്കില്ല. വിസ കാലാവധി തീരുന്ന ദിവസത്തേക്ക് ടിക്കറ്റ് എടുക്കുകയും യാത്ര മുടങ്ങുകയും ചെയ്ത യാത്രക്കാർ ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി പ്രദേശിക ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 16 മുതൽ 18 വരെ യാത്ര മുടങ്ങിയവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.